നടിയെ ലൈംഗികമായി അധിക്ഷേപിച്ച കേസ്; ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായി


എറണാകുളം: നടിയെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായി. കേസിൽ ബോബി ചെമ്മണ്ണൂരിന് ഇന്നലെ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ ജയിലിൽ നിന്ന് ഇന്ന് പുറത്തിറങ്ങുകയായിരുന്നു.

ജാമ്യം ലഭിച്ചതിന് പിന്നാലെ ജയിലിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയിരുന്നു. ബോണ്ട് ഒപ്പിടാൻ വിസമ്മതിച്ച ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങേണ്ട എന്ന് തീരുമാനിച്ചെന്നാണ് അഭിഭാഷകർ അറിയിച്ചത്. ചില റിമാൻഡ് പ്രതികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ഒരുദിവസം കൂടി ജയിലിൽ തുടർന്നതെന്ന് ബോബി പറഞ്ഞു. ജാമ്യം ലഭിച്ചിട്ടും ജയിലിൽ തുടർന്നത് ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന സ്ഥിതി വന്നതോടെയാണ് ബോബി ജയിലിന് പുറത്തിറങ്ങിയത്.

ബോബിയുടെ തീർപ്പാക്കിയ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട ഹർജി ഇന്നു വീണ്ടും സ്വമേധയാ പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിച്ചിരുന്നു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെതാണ് നടപടി. ബോബിക്കു വേണ്ടി ഹാജരായ അഡ്വ. രാമൻപിള്ളയടക്കം കോടതിയിൽ രാവിലെ ഹാജരാകാൻ ജസ്റ്റിസ് നിർദേശിച്ചു.