ബോബി ചെമ്മണൂരിന് ഒടുവില്‍ ജാമ്യം; വ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കും


കൊച്ചി: നടി ഹണിറോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ. അന്വേഷണ ഉദ്യോഗസ്ഥൻ അവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും കോസന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

ബോഡി ഷെയ്മിങ് സമൂഹത്തിന് ഉൾകൊള്ളാൻ കഴിയില്ലെന്നും മറ്റൊരാളുടെ ശരീരത്തെ കുറിച്ച് മോശം പരാമർശം നടത്തുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. വ്യവസ്ഥകൾ നിർബന്ധമായും പാലിക്കണമെന്നും അല്ലാത്തപക്ഷം ജാമ്യം റദ്ദുചെയ്യുമെന്നും ഉത്തരവിൽ പറയുന്നു. അറസ്റ്റ് ചെയ്യപ്പെട്ട് ആറാംനാളാണ് ബോബി ചെമ്മണൂർ പുറത്തേക്ക് വരുന്നത്. ജയിലിൽനിന്ന് പുറത്തിറങ്ങാൻ ബോബി ചെമ്മണൂർ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ഹർജി വായിക്കുമ്പോൾത്തന്നെ ബോബി ചെമ്മണൂർ ഹണി റോസിനെതിരെ നടത്തിയ ചില പ്രയോ​ഗങ്ങളിൽ കോടതി അതൃപ്തി അറിയിച്ചിരുന്നു. തുടർന്ന് ഈ പരാമർശങ്ങളെല്ലാം പിൻവലിക്കുകയാണെന്ന് ബോബിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ള കോടതിയെ അറിയിച്ചു.

തനിക്കെതിരെ തുടർച്ചയായി ലൈംഗികാധിക്ഷേപവും അപകീർത്തികരവുമായ പരാമർശങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹണി റോസ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. പിറ്റേന്ന് വെളുപ്പിനെ വയനാട്ടുനിന്നു ബോബിയെ പൊലീസ് കസ്റ്റ‍ഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ ബോബിയെ പിറ്റേന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻ‍‍‍ഡ് ചെയ്തിരുന്നു. വെള്ളിയാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും കേസിൽ അടിയന്തര പ്രാധാന്യമൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റി. വ്യാഴാഴ്ച മുതൽ കാക്കനാട് ജില്ലാ ജയിലിലാണ് ബോബി.