മൂന്നു ഡിഗ്രി സെൽഷ്യസ് വരെ അധിക താപനിലയ്ക്ക് സാധ്യത; ഇന്നും നാളെയും പകൽ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കുക


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും പകൽ താപനിലയിൽ വർധനയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ അധിക താപനിലയ്ക്കാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നു വരെയാണ് താപനില വർദ്ധിക്കുക. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. പകൽ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Summary: A temperature rise of up to three degrees Celsius is possible; Be careful today and tomorrow when you go out