ഭാവഗായകന് വിട; പി.ജയചന്ദ്രന്റെ സംസ്കാരം ശനിയാഴ്ച ചേന്ദമംഗലത്ത്, തൃശ്ശൂരിൽ പൊതുദർശനം
തൃശ്ശൂർ: അന്തരിച്ച ഗായകന്‍ പി.ജയചന്ദ്രന്റെ സംസ്കാരം ശനിയാഴ്ച നടക്കും. പറവൂർ ചേന്ദമംഗലം പാലിയത്ത് തറവാട്ടിൽ വൈകിട്ട് 3.30 നാണ് സംസ്കാര ചടങ്ങുകൾ. നാളെ രാവിലെ എട്ടിന് പൂങ്കുന്നം തറവാട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 10 മണിക്ക് സംഗീത നാടക അക്കാദമിയിൽ പൊതുദർശനം. പിന്നീട് പൂങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ടുപോകും. ശനിയാഴ്ച രാവിലെ എട്ടുമണിക്ക് പൂങ്കുന്നത്തെ വീട്ടിൽ നിന്ന് ചേന്ദമംഗലത്തേക്ക് മൃതദേഹം കൊണ്ടുപോകും.
ഇന്ന് രാത്രി 8മണിയോടെയായിരുന്നു പി.ജയചന്ദ്രന്റെ മരണം. പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 9 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഇന്നലെയാണ് ആശുപത്രി വിട്ടത്.
1965ൽ പുറത്തിറങ്ങിയ’കുഞ്ഞാലിമരയ്ക്കാര്‍’ എന്ന ചിത്രത്തിലെ ‘ഒരുമുല്ലപ്പൂമാലയുമായ് ’എന്ന ഗാനത്തിലൂടെയായിരുന്നു സിനിമ അരങ്ങേറ്റം. ആ ചിത്രം പുറത്തുവരുന്നതിനു മുന്‍പ് ദേവരാജന്‍- പി ഭാസ്കരന്റെ കൂട്ടുകെട്ടില്‍ പിറന്ന ‘മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി’ എന്ന ഗാനം ജയചന്ദ്രനെ തേടിയെത്തി. ഈ ഗാനത്തിലൂടെയാണ് മലയാള സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ഹിന്ദി തുടങ്ങിയ ഭാഷകളിലായി 15000ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.