കിണറിന് സമീപത്ത് എക്‌സോബ്ലേഡും കത്രികയും; അണേലക്കടവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലെ പുതിയ മോട്ടോര്‍ മോഷണം പോയതായി പരാതി, പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമെന്ന് നാട്ടുകാര്‍


കൊയിലാണ്ടി: അണേലക്കടവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലെ മോട്ടോര്‍ മോഷണം പോയതായി പരാതി. കൊല്ലം ചിറയ്ക്ക് സമീപം താമസിക്കുന്ന കൃഷ്ണന്റെ മകളുടെ അണേല കടവത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലെ മോട്ടോര്‍ ആണ് മോഷണം പോയത്. 26 ന് പോയി നോക്കിയപ്പോഴാണ് മോട്ടോര്‍ മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ടതെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കൊയിലാണ്ടി പോലീസില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

സുഗുണ കമ്പനിയുടെ 7200 ഓളം വരുന്ന പുതിയ മോട്ടോറാണ് നഷ്ടപ്പെട്ടത്. മോട്ടോറിന് സമീപത്തായി എക്‌സോബ്ലേഡ്, കത്രിക എന്നിവ ഉണ്ടായിരുന്നതായി പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ക്രിസ്തുമസ് ദിനത്തില്‍ സാമൂഹ്യദോഹികള്‍ എടുത്തുകൊണ്ടുപോയതാകാമെന്നാണ് പോലീസ് പറയുന്നത്. പൈപ്പ് മുറിച്ചുമാറ്റാന്‍ ഉപയോഗിച്ച പുതിയ എക്‌സോബ്ലേഡ്, കത്രിക എന്നിവ കിണറിന് സമീപത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു ഉള്ളത്.

പ്രദേശത്ത് രാത്രികാലങ്ങളില്‍ നിരന്തരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും സാമുഹ്യദോഹികളുടെയും അഴിഞ്ഞാട്ടമാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. നിര്‍മ്മാണത്തിലിരിക്കുന്ന പലവീടുകളിലും ഇത്തരം സാമൂഹ്യദോഹികളുടെ അഴിഞ്ഞാട്ടം പതിവായിട്ടുണ്ടെന്ന് പോലീസും പറയുന്നു. ഇവിടങ്ങളില്‍ രാത്രികാല പെട്രോളിംങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.