കൊയിലാണ്ടി ഹാര്‍ബര്‍- പാറക്കല്‍ താഴെ ലക്ഷംവീട് കോളനി തീരദേശ റോഡ് ഗതാഗത യോഗ്യമാക്കണം; വിവിധ ആവശ്യങ്ങളുന്നയിച്ച് എം.എല്‍.എയ്ക്ക് നിവേദനം നല്‍കി തീരദേശ ഹിന്ദുസംരക്ഷണ സമിതി
കൊയിലാണ്ടി: കൊല്ലം മുതല്‍ പാറക്കല്‍ താഴെ വരെയുള്ള 13 ഓളം അരയസമാജങ്ങളുടെ ഒരു കൂട്ടായ്മയായ തീരദേശ ഹിന്ദുസംരക്ഷണ സമിതി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എം.എല്‍ എയ്ക്ക് നിവേദനം നല്‍കി. കൊയിലാണ്ടി ഹാര്‍ബര്‍ മുതല്‍ പാറക്കല്‍ താഴെ ലക്ഷം വീട് കോളനി വരെയുള്ള തീരദേശം റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി ഗതാഗതയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങളായി. കാല്‍ നടയാത്ര പോലും ദുരിതപൂര്‍ണമായ ഇവിടെ വര്‍ഷ കാലങ്ങളില്‍ റോഡ് തോടായി മാറുന്ന കാഴ്ചയാണ് പല രീതിയിലുള്ള പ്രക്ഷോഭങ്ങളും നടപടികളും ഇതിനോടകം നടത്തിയിട്ടും യാതൊരു വിധ പരിഹാരങ്ങളും ഇവിടെ ഉണ്ടായിട്ടില്ലെന്ന് തീരദേശ സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു.
ദിവസേന ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ ഹാര്‍ബറിലേക്കും തിരിച്ചും സഞ്ചരിക്കുന്ന പാതയാണ് ഇത്. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നും എം.എല്‍.എയുടെ ഭാഗത്തു നിന്നും തികഞ്ഞ അവഗണനയാണ് ഈ പ്രദേശത്തുകാരോട് കാണിക്കുന്നത്. മാത്രമല്ല കൊല്ലം അരയന്‍കാവ് – കൂത്തംവള്ളി ഭാഗത്തുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ഹാര്‍ബറിലെത്തണമെങ്കില്‍ കൊയിലാണ്ടി നഗരത്തിലെ ഗതാഗത കുരുക്ക് മറികടക്കണം.
കൊല്ലം തീരദേശത്ത് കുത്തംവള്ളി തോടിനും ചെറിയതോടിനും കുറുകെ പാലമില്ല. അതുകൊണ്ടുതന്നെ ഹാര്‍ബര്‍ മുതല്‍ പാറക്കല്‍ത്താഴ ലക്ഷം വീട് കോളനിവരെയുള്ള തീരദേശ റോഡ് കുറ്റമറ്റ രീതിയില്‍ പുതുക്കിപ്പണിയുവാനും കൊല്ലം കുത്തംവള്ളി ഭാഗത്ത് തോടിനും ചെറിയതോടിനും കുറുകെ പാലം പണിയുവാനും ഉള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാനുള്ള ശ്രമങ്ങള്‍ എം.എല്‍.എയുടെ ഭാഗത്തുനിന്നുണ്ടാവണമെന്നും തീരദേശ ഹിന്ദു സംരക്ഷണസമിതി ആവശ്യപ്പെട്ടു.
പരിഹാരം കണ്ടില്ലെങ്കില്‍ മത്സ്യത്തൊഴിലാളികളെ അണിനിരത്തിക്കൊണ്ടുള്ള ബഹുജന പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും മുന്നറിയിപ്പ് നല്‍കി. വി.വി.സുരേഷ് കുമാര്‍, വി.കെ.രാമന്‍, കെ.പി.എല്‍. മനോജ്, എം.വി.ശശി, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
Summary: The Coastal Hindu Protection Committee submitted a petition to the Koyilandy MLA