പെരുവട്ടൂരില്‍ മണ്ണുമായി വരികയായിരുന്ന ലോറി മറിഞ്ഞു; ഫുട്പാത്ത് തകര്‍ന്നതോടെ പ്രതിഷേധവുമായി നാട്ടുകാര്‍


കൊയിലാണ്ടി: പെരുവട്ടൂരില്‍ മണ്ണുമായി വരികയായിരുന്ന ലോറി മറിഞ്ഞു. ഇന്ന് 12 മണിയോടെയായിരുന്നു ചാലോറ മലയില്‍ നിന്നും മണ്ണുമായി കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. പെരുവട്ടൂര്‍ ഇല്ലത്ത് താഴെ റോഡില്‍ നടേരി അക്വഡേറ്റിന് സമീപം കാനയിലേക്ക് ചെരിയുകയായിരുന്നു.

റോഡരികിലെ കുഴിയില്‍ വീണ ലോറി ക്രയിന്‍ ഉപയോഗിച്ച് പുറത്തെടുത്തു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ലോറിയിലെ മണ്ണ് റോഡിലേക്ക് ഒഴിവാക്കിയശേഷമാണ് ലോറി കാനയില്‍ നിന്നും പുറത്തെടുക്കാന്‍ ശ്രമിക്കുന്നത്. ഇതേത്തുടര്‍ന്ന് ഈ റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു.

അപകടത്തെ തുടര്‍ന്ന് റോഡരികിലെ ഫുട്പാത്ത് തകര്‍ന്നു. ഇതിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. കൊയിലാണ്ടി പൊലീസ് സ്ഥലത്തുണ്ട്. റോഡ് നന്നാക്കിയാല്‍ മാത്രമേ ലോറി കൊണ്ടുപോകാന്‍ അനുവദിക്കൂവെന്നാണ് നാട്ടുകാര്‍ പറയുന്നത്.