മണിക്കൂറുകളുടെ ആശങ്ക, ഒടുവില്‍ കൈവിട്ടുപോയ സ്വര്‍ണാഭരണങ്ങള്‍ തിരികെ കൈകളിലേക്ക്‌, പയ്യോളി പാലച്ചുവട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറുടെ സത്യസന്ധതയ്ക്ക് കൈയ്യടി


കൊയിലാണ്ടി: പുറക്കാടേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയിൽ വെച്ച് നഷ്ടമായ കോടിക്കല്‍ സ്വദേശിനിയുടെ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ്‌ തിരികെ ലഭിച്ചു. ഇന്നലെ വൈകുന്നേരം ആറ് മണിക്ക് തിക്കോടിയില്‍ നിന്നും യാത്ര ചെയ്യുന്നതിനിടെയാണ് ആറ് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച ബാഗ്‌ ഓട്ടോറിക്ഷയില്‍ വെച്ച് മറന്നു പോയത്.

പിന്നീട് പുറക്കാട്ടെ വീട്ടിലെത്തിയപ്പോഴാണ് ബാഗ് നഷ്ടമായത് മനസിലായത്. തുടര്‍ന്ന് പയ്യോളി പോലീസില്‍ പരാതി നല്‍കി. ഓട്ടോറിക്ഷയില്‍ പിന്നീട് കയറിയ യാത്രക്കാരാണ് സ്വര്‍ണാഭരണം അടങ്ങിയ ബാഗ് പാലച്ചുവട് സ്വദേശിയായ ഓട്ടോറിക്ഷ
ഡ്രൈവവര്‍ ലികേഷിന്റെ ശ്രദ്ധയില്‍പെടുത്തിയത്. തുടര്‍ന്ന് ഇന്ന് രാവിലെ ബാഗിന്റെ ഉടമസ്ഥയെ അന്വേഷിച്ച് തിക്കോടിയിലുടെ യാത്ര ചെയ്യുമ്പോഴാണ് പഞ്ചായത്തിന് മുന്നില്‍ വെച്ച് കോടിക്കല്‍ സ്വദേശിനിയെ കാണുന്നത്.

ഈ സമയം ഇന്നലെ യാത്ര ചെയ്ത ഓട്ടോറിക്ഷ കണ്ടെത്താനായി തിക്കോടിയില്‍ എത്തിയതായിരുന്നു യുവതി. ഇവരെ കണ്ടതോടെ ബാഗ് കൈയ്യിലുണ്ടെന്ന് ലികേഷ് അറിയിച്ചു. തുടര്‍ന്ന് ഇരുവരും പയ്യോളി പോലീസ് സ്‌റ്റേഷനിലെത്തി ബാഗ് കൈമാറുകയായിരുന്നു.