ചോദ്യപേപ്പര്‍ ചോര്‍ച്ച: മുന്‍കൂര്‍ ജാമ്യേപക്ഷ നല്‍കി എം.എസ് സൊല്യൂഷന്‍സ് സി.ഇ.ഒ
കോഴിക്കോട്: ചോദ്യ പേപ്പര്‍ ചോര്‍ച്ചാ കേസില്‍ എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കോഴിക്കോട് ജില്ലാ കോടതിയിലാണ് ഷുഹൈബ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
ഷുഹൈബിനെ കസ്റ്റഡിയിലടുത്ത് ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് നീക്കമാരംഭിച്ചതിന് പിന്നാലെയാണ് ഇയാള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. എം.എസ് സൊല്യൂഷന്‍സ് ഓഫീസിലും സി.ഇ.ഒ ഷുഹൈബിന്റെ വീട്ടിലും ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ഇ.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ലാപ്ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെയുള്ള ഡിജിറ്റില്‍ ഉപകരണങ്ങളും ബാങ്ക് ഡീറ്റൈയില്‍സും അനുബന്ധരേഖകളും മൊബൈല്‍ ഫോണുകളും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെയാണ് ഷുഹൈബ് കോടതിയെ സമീപിച്ചത്.
തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്. ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെയുള്ളവ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. ഒളിവിലുള്ള ഷുഹൈബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് നീക്കം. എം എസ് സൊല്യൂഷന്‍സില്‍ ക്ലാസെടുത്തിരുന്ന അധ്യാപകരെയുള്‍പ്പെടെ ചോദ്യംചെയ്യും. ക്രിസ്മസ് പരീക്ഷയുടെ എസ്.എസ്.എല്‍.സി ഇംഗ്ലീഷ്, പ്ലസ് വണ്‍ കണക്ക് ചോദ്യ പേപ്പറുകളാണ് ചോര്‍ന്നതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. ഈ ചോദ്യ പേപ്പറുകള്‍ എം.എസ് സൊല്യൂഷന്‍സ് കൃത്യമായി പ്രവചിക്കുകയും ചെയ്തിരുന്നു.
സ്വകാര്യ ടൂഷന്‍ സ്ഥാപന നടത്തിപ്പുകാരുള്‍പ്പെടെയുള്ള വലിയ സംഘം ചോദ്യ പേപ്പര്‍ ചോര്‍ച്ചക്ക് പിന്നിലുണ്ടെന്ന സംശയം അന്വേഷണസംഘത്തിനുണ്ട്. ചോദ്യ പേപ്പര്‍ പ്രവചിച്ചിരുന്ന മറ്റ് സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളെക്കുറിച്ചും അന്വേഷണം തുടരുകയാണ്.
Summary: MS Solutions CEO granted anticipatory bail