സൈനികസേവനത്തിനുശേഷം കാര്‍ഷിക രംഗത്ത് സജീവമായ വ്യക്തിത്വം, വെളിയന്നൂര്‍ ചല്ലി കൃഷിയോഗ്യമാക്കാന്‍ നിരന്തരം ഇടപെട്ടയാള്‍; അരിക്കുളം ചിരുവോത്ത് രാഘവന്‍നായര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അന്ത്യാഞ്ജലി


അരിക്കുളം: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറിയും കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ടുമായിരുന്ന അരിക്കുളം ചിരുവോത്ത് രാഘവന്‍ നായര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. സൈനിക സേവനം പൂര്‍ത്തീകരിച്ച് നാട്ടില്‍ തിരിച്ചെത്തിയ രാഘവന്‍ നായര്‍ കാര്‍ഷിക രംഗത്ത് സജീവമായി.

വെളിയന്നൂര്‍ ചല്ലി കൃഷി യോഗ്യമാക്കാന്‍ അദ്ദേഹം നടത്തിയ നിരന്തര പരിശ്രമങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. തെക്കേടത്ത് ഒറവിങ്കല്‍ താഴെ പാടശേഖര സമിതി കണ്‍വീനര്‍, സീനിയര്‍ സിറ്റിസണ്‍ ഫോറം അരിക്കുളം പഞ്ചായത്ത് സെക്രട്ടറി, ഒറവിങ്കല്‍ ക്ഷേത്ര ഭരണ സമിതി അംഗം, കാര്‍ഷിക വികസന സമിതി അംഗം, എക്‌സ് സര്‍വ്വീസ് മെന്‍ സൊസൈറ്റി പ്രസിഡണ്ട് എന്നീ നിലകളിലും രാഘവന്‍ നായര്‍ പ്രവര്‍ത്തിച്ചു. അരിക്കുളത്ത് നടന്ന സര്‍വ്വകക്ഷി അനുശോചനയോഗം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാമചന്ദ്രന്‍ നീലാംബരി അനുശോചന പ്രമേയം അവതരിപ്പിച്ചു. മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.രാധ, സി.പി.പ്രഭാകരന്‍, വി.വി.എം. ബഷീര്‍, പി.കുട്ടിക്കൃഷ്ണന്‍ നായര്‍, കെ.രാജന്‍ മാസ്റ്റര്‍, രാധാകൃഷ്ണന്‍ എടവന, അഷറഫ് വള്ളോട്ട്, സി.രാഘവന്‍ സ്വസ്ഥവൃത്തം, സി.എം.പീതാംബരന്‍, സി.എം.സുരേന്ദ്രന്‍, കുഞ്ഞികൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.