മുതുകുന്ന് മലയിലെ മണ്ണ് ഖനനം: ഭൂമി കൊള്ളയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ്


അരിക്കുളം: ഉന്നത സ്വാധീനം ഉപയോഗിച്ച് മുതുകുന്ന് മലയില്‍ നടത്തുന്ന മണ്ണ് ഖനനം നിര്‍ത്തിവെക്കണമെന്നും ഭൂമി കൊള്ളയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും യു ഡി എഫ് അരിക്കുളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മുന്‍ മന്ത്രിയും എല്‍.ഡി.എഫ് കണ്‍വീനറുമായ ടി.പി.രാമകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന സി.മുഹമ്മദിന്റെ നേതൃത്വത്തിലാണ് ഖനനം നടക്കുന്നത്. ഖനന, ഭൗമശാസ്ത്ര വകുപ്പില്‍ ഉന്നത കേന്ദ്രങ്ങളില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം ചെലുത്തി അനുമതി പത്രം വാങ്ങി പരിസ്ഥിതിലോല പ്രദേശം കൂടിയായ മല ഇടിച്ചു നിരത്തുകയാണെന്നും യു.ഡി.എഫ് കുറ്റപ്പെടുത്തി.

മല ഇടിക്കുന്നതിനെതിരെ കാരയാട് പരദേവത ക്ഷേത്രത്തിന് സമീപം നടത്തിയ യു.ഡി.എഫ് പ്രതിഷേധ ധര്‍ണ്ണ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി സി.കെ.അജീഷ് നൊച്ചാട് ഉദ്ഘാടനം ചെയ്തു. തട്ടിക്കൂട്ട് കമ്പനി ഉണ്ടാക്കി പ്രകൃതിയെ വിറ്റ് കാശാക്കുന്ന രാഷ്ട്രീയ കിങ്കരന്മാരെ നാട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ശക്തമായ ജനകീയ പ്രതിരോധത്തിന് മുന്നില്‍ ഈ കൊള്ള സംഘത്തിന് തിരിച്ചു പോകേണ്ടി വരും. ഖനന ഭൗമശാസ്ത്ര വകുപ്പിന്റെ അനുമതി പത്രത്തിനൊന്നും കോടതിക്ക് മുമ്പില്‍ നിയമസാധുത ഇല്ല. കോട്ടൂരിലെ ചെങ്ങോട് മല ഈ വകുപ്പിന്റെ അനുമതി വാങ്ങി ചില രാഷ്ട്രീയ കച്ചവടക്കാരുടെ പിന്തുണയോടെ തകര്‍ക്കാന്‍ ശ്രമം നടത്തിയപ്പോള്‍ നാട്ടുകാര്‍ പ്രതിരോധിച്ച് പരാജയപ്പെടുത്തിയത് പുതിയ കയ്യേറ്റക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും അജീഷ് പറഞ്ഞു.

പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് ഇ.കെ.അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. പി.സി.സിറാജ്, കെ.അഷറഫ് മാസ്റ്റര്‍, ലതേഷ് പുതിയെടുത്ത്, ബഷീര്‍ വടക്കയില്‍, കെ.എം.ശങ്കരന്‍നായര്‍, കെ.എം.അബ്ദുസ്സലാം, ടി.പി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സി.പി.സുകുമാരന്‍, സീനത്ത് വടക്കയില്‍, ടി.കെ.രാജന്‍, പി.പത്മനാഭന്‍, സി.മോഹന്‍ദാസ്, സാഹിര്‍ കേളോത്ത്, എന്‍.എം.യൂസഫ് എന്നിവര്‍ നേതൃത്വം നല്‍കി.