വടകര സാൻഡ് ബാങ്ക്‌സ് അഴിത്തല അഴിമുഖത്ത്‌ ഫൈബർ വള്ളം മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു


വടകര: സാൻഡ് ബാങ്ക്സിൽ അഴിത്തല അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കുയ്യണ്ടത്തില്‍ അബൂബക്കർ (62) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇബ്രാഹിം രക്ഷപ്പെട്ടു.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. അഴിത്തല ഭാഗത്ത് മീൻ പിടിക്കാൻ വള്ളവുമായി പോയതായിരുന്നു രണ്ട് പേരും. ഇതിനിടെയാണ് പെട്ടെന്ന് തിരമാലയിൽ പെട്ട് വള്ളം മറിഞ്ഞത്‌. ഇബ്രാഹിമാണ് അബൂബക്കറിനെ കരയിൽ എത്തിച്ചത്. അബൂബക്കറിന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സാൻഡ് ബാങ്ക്സിൽ അപകടം പതിവായതോടെ പ്രദേശത്ത് 24 മണിക്കൂറും കോസ്റ്റ് ഗാർഡ് സേവനം ഉണ്ടാകുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ അപകട വിവരം അറിയിച്ചെങ്കിലും കോസ്റ്റ് ഗാർഡ് വിഭാഗം രക്ഷാപ്രവർത്തനത്തിന് എത്തിയില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്‌.