ചേറോട് കാറിടിച്ച് ഒന്പത് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; പുറമേരി സ്വദേശിയായ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
വടകര: ചേറോട് കാറിടിച്ച് ഒൻപത് വയസുകാരി കോമയിലാവുകയും വയോധിക മരിക്കുകയും ചെയ്ത കേസിൽ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പുറമേരി സ്വദേശി ഷജീലിന് കോടതി മുൻകൂർ ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. വിദേശത്തുള്ള പ്രതിയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കഴിഞ്ഞ ദിവസം തള്ളിയത്.
ജില്ല ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തിൽ വിമാനത്താവളത്തിൽ വന്നിറങ്ങിയാൽ പ്രതി പിടിയിലാവും. ഫെബ്രുവരി 17ന് രാത്രി ദേശീയപാതയിൽ ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിലാണ് അപകടമുണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ തലശ്ശേരി പന്ന്യന്നൂർ സ്വദേശിനി പുത്തലത്ത് ബേബിയേയും ചെറുമകൾ ഒൻപതുവയസുകാരി ദൃഷാനയേയും കാറിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബേബി മരിച്ചിരുന്നു.
ദൃഷാന അബോധാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കണ്ണൂർ മേലെ ചൊവ്വ വടക്കൻ കോവിൽ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന. അപകടം നടന്നശേഷം നിർത്താതെ പോയ കാർ 10 മാസത്തിന് ശേഷമാണ് കണ്ടെത്തിയത്.
Summary: An incident in which a nine-year-old girl was seriously injured after being hit by a car; A look-out notice has been issued against the accused, who is a native of Pumari.