വടകരയില്‍ കാറിടിച്ച് ഒമ്പതുകാരിയെ കോമയിലാക്കിയ സംഭവം; പ്രതി ഷജീലിന് മുന്‍കൂര്‍ ജാമ്യമില്ല


വടകര: അഴിയൂര്‍ ചോറോട് ഒമ്പത് വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസിലെ പ്രതി ഷജീലിന് മുന്‍കൂര്‍ ജാമ്യം ഇല്ല. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ജാമ്യപേക്ഷ തള്ളിയത്. ഷജീല്‍ ഇപ്പോഴും വിദേശത്തുതന്നെയാണ്.

ജാമ്യാപേക്ഷ തള്ളിയതോടെ പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം ഉടന്‍ കടക്കും. പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം അംഗീകരിച്ചുകൊണ്ടാണ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്.

വടകര ചോറോട് വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശിയായ ദൃഷാനയെയും മുത്തശിയെയും തലശേരി ഭാഗത്തേക്ക് അമിത വേഗത്തില്‍ പോവുകയായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ മുത്തശ്ശി ബേബി സംഭവസ്ഥലത്ത് വച്ചു മരിച്ചു. ഗുരുതരമായി പരിക്കേറ്റ ദൃഷാന ഇന്നും അബോധാവസ്ഥയില്‍ തുടരുകയാണ്.

ഫെബ്രുവരി 17ന് രാത്രി വടകരയ്ക്കു സമീപം ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിലാണ് അപകടമുണ്ടായത്. രാത്രി ഒമ്പതുമണിയോടെ ചോറോടിലെ ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വെള്ളനിറത്തിലുള്ള കാര്‍ ഇരുവരെയും ഇടിച്ചുവീഴ്ത്തിയത്. കാര്‍ നിര്‍ത്താതെ പോയി. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബേബി മരിച്ചിരുന്നു.

പത്ത് മാസത്തിന് ശേഷം പ്രത്യേക അന്വേഷണ സംഘം പ്രതിയെ തിരിച്ചറിഞ്ഞു. നഷ്ട പരിഹാരത്തിനായി പ്രതി ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചതാണ് പ്രതിയെ പിടിക്കാന്‍ അന്വേഷണത്തില്‍ നിര്‍ണായകമായത്. ഇതിനിടെയാണ് വിദേശത്തുള്ള പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

Summary: A nine-year-old girl was put into a coma after being hit by a car in Vadakara