വയോധികയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മൊബൈല്‍ഫോണ്‍ മോഷ്ടിച്ച് വില്‍പന; രണ്ട് യുവാക്കളെ പിടികൂടി എലത്തൂര്‍ പോലീസ്


കോഴിക്കോട്: വയോധികയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പ്രതികള്‍ എലത്തൂര്‍ പോലീസിന്റെ പിടിയില്‍. കൂത്തുപറമ്പ് മലബാര്‍ സ്വദേശി സഫ്‌നസ് (28 ), കക്കോടി പുറ്റ് മണ്ണില്‍ സ്വദേശി റഫീഖ് മന്‍സിലില്‍ റഫീഖ് ( 22 വയസ്സ്) എന്നിവരാണ് പിടിയിലായത്.

13.12.2024 തിയ്യതി പുലര്‍ച്ചെ പുതിയങ്ങാടി മാക്കഞ്ചേരിപ്പറമ്പ് വീട്ടില്‍ ഭാരതി എന്ന വയോധികയുടെ വീടിന്റെ കിടപ്പുമുറിയിലേക്ക് പ്രതികളില്‍ ഒരാള്‍ അതിക്രമിച്ച് കയറിവന്ന് പരാതിക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മുറിയുടെ കട്ടിലിന്റെ മുകളില്‍ ഉണ്ടായിരുന്ന സാംസങ് കമ്പനിയുടെ മൊബൈല്‍ഫോണ്‍ മോഷ്ടിക്കുകയായിരുന്നു.

പരാതിയെ തുടര്‍ന്ന് എലത്തൂര്‍ പോലീസ് വിവിധ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ മനസ്സിലാക്കുകയും, സഫ്‌നസിനെ കണ്ണൂരില്‍ നിന്നും, റഫീഖിനെ വീട്ടില്‍ നിന്നും എലത്തൂര്‍ പോലീസ് പിടികൂടുകയായിരുന്നു. എസ്.ഐ മാരായ മുഹമ്മദ് സിയാദ്, സുരേഷ് കുമാര്‍, എസ്.സി.പി.ഓ ബിജു, റെനീഷ് , സി.പി.ഓ അതുല്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടി. കസ്റ്റഡിയില്‍ എടുത്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.