നാട് മുഴുവന്‍ ഒരുങ്ങി; കീഴൂര്‍ ആറാട്ടും പൂവെടിയും ഇന്ന്


പയ്യോളി: കീഴൂര്‍ ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ടും പൂവെടിയും ഇന്ന് നടക്കും. രാവിലെ 9.30ന് ഓട്ടന്‍തുള്ളല്‍, 3.30ന് പഞ്ചവാദ്യമേളം, നാഗസ്വരമേളം തുടര്‍ന്ന് കുടവരവ്, തിരുവായുധം വരവ്, ഉപ്പും തണ്ടും വരവ്, കരക്കെട്ടുവരവ്, നാടും ജന്മക്കാരും വരവ് എന്നിവ നടക്കും.

വൈകിട്ട് 6.30ന് കൊങ്ങന്നൂര്‍ ഭഗവതിയുടെ എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നാല്‍ യാത്രാവലിക്ക് ശേഷ് ആറാട്ട്‌ എഴുന്നള്ളത്ത് ആരംഭിക്കും. ആറാട്ട് എഴുന്നള്ളത്ത് ഇലഞ്ഞികുളങ്ങര എത്തിച്ചേര്‍ന്നാല്‍ പിലാത്തറമേളം നടക്കും. മേളത്തിന് മുമ്പും ശേഷവും കീഴൂര്‍ ചൊവ്വ വയലില്‍ കരിമരുന്ന് പ്രയോഗം നടക്കും. ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളത്ത് രണ്ട് കിലോമീറ്റർ അകലെയുള്ള കീഴൂർ പൂവെടിത്തറയിൽ 11 മണിക്ക് എത്തിച്ചേർന്നാൽ പാണ്ടിമേളം, കേളിക്കൈ, കൊമ്പ്പറ്റ്, കുഴൽപ്പറ്റ് എന്നിവ അരങ്ങേറും.

ഈ സമയം ഭഗവാന്റെ തിടമ്പ് കൂറ്റൻ പൂവെടിത്തറയ്ക്ക് മുകളിലായിരിക്കും. തിങ്ങിനിറഞ്ഞ ആളുകൾക്കിടയിൽ ഉയർത്തുന്ന കൂറ്റൻ കവുങ്ങിൽനിന്ന്‌ വർണം വിതറുന്ന ആകാശ വിസ്മയമാണ് പൂവെടി. തുടർന്ന് എഴുന്നള്ളത്ത് തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിക്ക് ഒന്നരക്കിലോമീറ്റർ അകലെയുള്ള കണ്ണംകുളത്ത് എത്തും. അവിടെ പൂർണവാദ്യത്തോടെ കുളിച്ചാറാടിക്കൽ. ശേഷം ആറാട്ടെഴുന്നള്ളത്ത് ക്ഷേത്രത്തിൽ തിരിച്ച് എഴുന്നള്ളും. ഇതോടെ, ക്ഷേത്ര ഉത്സവച്ചടങ്ങുകൾ കൊടിയിറങ്ങും.

Description: Keezhur Aarat and Poovedi today