കരവിരുതിൻ്റെ അത്ഭുതങ്ങളും, കലാവിരുന്നും, രുചി വൈവിദ്യങ്ങളും; ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കരകൗശല മേള ഡിസംബർ 20 മുതൽ ജനുവരി 6 വരെ
വടകര: പന്ത്രണ്ടാമത് അന്താരാഷ്ട്ര കരകൗശലമേള ഡിസംബർ 20 മുതൽ ജനുവരി 6 വരെ ഇരിങ്ങൽ സർഗാലയിൽ നടക്കും. പതിനഞ്ചോളം രാജ്യങ്ങളിൽ നിന്നും, ഇരുപത്തിനാല് സംസ്ഥാനങ്ങളിൽ നിന്നുമായി മുന്നൂറിൽ പരം കലാകാരന്മാരും, ഇരുന്നൂറ് ക്രാഫ്റ്റ് ഹബ്ബുകളും ഉൾകൊള്ളുന്ന പ്രത്യേകം തയ്യാറാക്കിയ ക്രാഫ്റ്റ് തീം വില്ലേജുകൾ, തെയ്യം, ഹാൻഡ്‌ലൂം, ടെറാകോട്ട, സ്‌പൈസസ്, വുഡ് കാർവിങ്, മുള, കളരി, അറബിക്ക് കാലിഗ്രഫി എന്നിവയുടെ സർഗാത്മക സൃഷ്ടികളും കരകൗശല മേളയിൽ ഒരുക്കും. ഇരുപതിൽ കൂടുതൽ സ്റ്റാളുകളിൽ നിറയുന്ന കേരളത്തിന്റെയും, മറുനാടിന്റെയും രുചിവൈവിധ്യങ്ങൾ, ഗെയിമുകൾ, കുട്ടികൾക്കായുള്ള എന്റർടൈൻമെന്റ് സോണുകൾ, ഓൾ ടറൈൻ വെഹിക്കിൾസ്, അണ്ടർവാട്ടർ ടണൽ അക്വേറിയം, പെഡൽ & മോട്ടർ ബോട്ടിങ്, പുസ്തകമേള, കാർട്ടൂൺ സോൺ, ടൂറിസം ടോക്ക്ഷോ തുടങ്ങി വിനോദവും, വിജ്ഞാനവും നിറഞ്ഞ നിരവധി പരിപാടികളും മേളയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കലാരംഗത്തെ പ്രമുഖ താരങ്ങൾ പങ്കെടുക്കുന്ന കലാവിരുന്നുകൾ, കരവിരുതിന്റെ അത്ഭുതങ്ങളും കാവ്യഭംഗിയും രുചിയുടെ വൈവിധ്യങ്ങളും ആസ്വദിക്കാൻ ജനങ്ങൾക്ക് അവസരം ഒരുക്കുന്നതിൻ്റെ അവസാനഘട്ട ഒരുക്കത്തിലാണ് സംസ്ഥാന ടൂറിസം വകുപ്പ് മേൽനോട്ടത്തിൽ ഊരാളുങ്കൽ സൊസൈറ്റിയും, ഇരിങ്ങൽ സർഗാലയ ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജും. Summary: Iringal Sargalaya International Handicrafts Fair from 20th December to 6th January