എലത്തൂര്‍ ഡിപ്പോയിലുണ്ടായത് വന്‍ചോര്‍ച്ച; ഇന്ധനം ഓടയിലൂടെ ഒഴുകി തോട്ടിലും കടലിലുമെത്തി മീനുകള്‍ ചത്തുപൊന്തി; പ്രദേശത്ത് ഇന്ന് സംയുക്ത പരിശോധന


എലത്തൂര്‍: ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ എലത്തൂര്‍ ഡിപ്പോയിലുണ്ടായ ഇന്ധന ചോര്‍ച്ചയില്‍ ഇന്ന് സംയുക്ത പരിശോധന. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പുകളാണ് സംയുക്ത പരിശോധന നടത്തുക. സംഭരണ കേന്ദ്രത്തിന്റെ സുരക്ഷ പരിശോധിക്കാനുള്ള വിദഗ്ധ സംഘവും ഇന്നെത്തുമെന്നു എച്ച്.പി.സി.എല്‍ വ്യക്തമാക്കി.

ഓടയില്‍ നിന്ന് ഡീസല്‍ നീക്കുന്നതിനുള്ള നടപടികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. 700 ലിറ്ററോളം ഡിസല്‍ ഓടയിലൂടെ ഒഴുകി എന്നാണ് പ്രഥമിക വിവരം. അറ്റകുറ്റപണിക്കിടെ ചോര്‍ച്ച ഉണ്ടായതാണെന്നായിരുന്നു വിശദീകരണം. നാട്ടുകാര്‍ പ്രശ്നമുണ്ടാക്കിയതോടെ 11ഓളം ബാരലുകള്‍ കൊണ്ടുവന്ന് ഡീസല്‍ മുക്കി മാറ്റി. എന്നാല്‍ പരിഹാരമുണ്ടാവാതെ ഡീസല്‍ കൊണ്ടുപോവുന്നത് നാട്ടുകാര്‍ തടഞ്ഞു. ഇന്ധനം ഓടയിലൂടെ ഒഴുകി തോട്ടിലും കടലിലും എത്തി മീനുകള്‍ ചത്തുപൊന്തി.

ബുധനാഴ്ച വൈകിട്ട് 4.30 ഓടെയാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ വടക്ക് ഭാഗത്തുള്ള ചെറിയ ഫുട്പാത്തിനടിയിലെ ഓടയിലൂടെ ഡീസല്‍ ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. നിരവധി ആളുകള്‍ കുപ്പികളിലും മറ്റും ഡീസല്‍ മുക്കിയെടുത്തെങ്കിലും വലിയ അളവില്‍ എത്തിയതോടെ ആളുകള്‍ പരിഭ്രാന്തരാവുകയായിരുന്നു. ഇതോടെ എച്ച്.പി.സി.എല്‍ മാനേജരടക്കമുള്ളവര്‍ സ്ഥലത്തെത്തി.

ഇതിനു മുമ്പും ഇവിടെ ഇത്തരത്തില്‍ ഡീസല്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ട്. അഞ്ച് ജില്ലകളിലേക്കാവശ്യമായ ഇന്ധനമാണ് ഇവിടെ സൂക്ഷിക്കുന്നത്. ഡീസലിന് പകരം പെട്രോള്‍ ലീക്കായിരുന്നെങ്കില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലെങ്കിലും സ്ഫോടനം നടക്കുമായിരുന്നു.