വടകര പുറമേരിയിൽ പ്ലസ് വൺ വിദ്യാർത്ഥി പാറക്കുളത്തിൽ മുങ്ങിമരിച്ചു


വടകര: കൂട്ടുകാരനൊപ്പം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. പുറമേരി അറാം വെള്ളിയിലെ നടുക്കണ്ടിൽ സൂര്യജിത്ത് (16) ആണ് മരിച്ചത്. പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്‌ വൺ വിദ്യാർത്ഥിയാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വൈദ്യുതി വെളിച്ചം ലഭിച്ചതിന്റെ സന്തോഷം പങ്കുവെക്കാൻ ക്ഷണിച്ചു വരുത്തിയ കൂട്ടുകാരനൊപ്പം വീടിനടുത്തെ പാറക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി താഴുകയായിരുന്നു. സൂര്യജിത്തിന് നീന്തൽ അറിയില്ല. നീന്തൽ അറിയാവുന്ന തൂണേരി സ്വദേശിയായ വിദ്യാർത്ഥി സമീപത്തെ ക്ലബിൽ ഉണ്ടായിരുന്ന ആളുകളെ വിളിച്ചു വരുത്തി. ഇവർ നടത്തിയ തിരച്ചിലിൽ പത്ത് മിനിറ്റിന് ശേഷമാണ് കുളത്തിന് അടിയിലെ ചെളിയിൽ കുടുങ്ങിയ കുട്ടിയെ കണ്ടത്. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. നടുക്കണ്ടിൽ ശശിയുടെയും മോനിഷയുടെയും മകനാണ്. Summary: A Plus One student drowned in a rock pool in Pumari