ഐശ്വര്യത്തിന്റെ പൊന്‍കണി കണ്ടുണര്‍ന്ന്, കൈനിട്ടം നല്കി മലയാളികള്‍; വിഷു ആഘോഷത്തില്‍ നാട്
ഐശ്വര്യത്തിന്റേയും കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പുതുക്കി മലയാളികള്‍ വിഷു ആഘോഷിക്കുന്നു. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും വിഷു ആഘോഷത്തിലാണ് മലയാളി. മേടമാസപ്പുലരിയില്‍ ഐശ്വര്യക്കാഴ്ചകളിലേക്ക് കണ്‍തുറന്ന് മലയാളികള്‍ വിഷുവിനെ വരവേറ്റു.
തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും പാതി നിറച്ച് മുണ്ടും പൊന്നും കണിവെളളരിയും കണിക്കൊന്നയും അടയ്ക്കയും നാളികേരപാതിയും ശ്രീകൃഷ്ണ വിഗ്രഹവും ഒക്കെ ഒരുക്കി മലയാളി കുടുംബങ്ങള്‍ കണികാണാനുളള കാത്തിരിപ്പിലായിരുന്നു…രാത്രി ഉറങ്ങും മുന്‍പേ കണികാണനുളളതെല്ലാം വീട്ടിലെ മുതിര്‍ന്നയാള്‍ ഒരുക്കി വെക്കും…
കണികണ്ടാല്‍ പിന്നെ പ്രധാനം കൈനീട്ടത്തിനാണ്. വര്‍ഷം മുഴുവന്‍ സമ്പല്‍സമൃതിയും ഐശ്വര്യവും ആഗ്രഹിച്ചാണ് കൈനീട്ടം നല്‍കുന്നത്. വിഷുസദ്യയിലെ വിഭവങ്ങളും ഈ ദിവസം തിന്മേശ നിറക്കും. സദ്യകഴിഞ്ഞാല്‍ പിന്നെ കുട്ടികളുടെ നേരമാണ്. നിറപ്പകിട്ടാര്‍ന്ന വിഷുപടക്കങ്ങള്‍ ആഘോഷത്തെ സജീവമാക്കും. കൊവിഡ് ആശങ്കകള്‍ ഒഴിഞ്ഞുളള ആദ്യവിഷു എന്ന പ്രത്യേകതയാണ് ഇത്തവണയുളളത്. വീടുകളിലെ ഒത്തുചേരലുകള്‍ക്ക് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തവണ സാഹചര്യമൊരുങ്ങുകയാണ്.
കേരളത്തില്‍ വിളവെടുപ്പ് ആരംഭിക്കുന്നതിന്റെ അടയാളമായാണ് വിഷു ആഘോഷിക്കുന്നത്. നരകാസുരനെതിരെ ശ്രീകൃഷ്ണന് നേടിയ വിജയം കൂടിയാണിത്. കണി കാണുന്നതാണ് വിഷുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളില്‍ ഒന്ന്. ഭക്തര്‍ പുലര്‍ച്ചെയാണ് വിഷുക്കണി കാണുക. വിഷുക്കണി കാണുന്നത് വര്‍ഷം മുഴുവനും മികച്ചതാക്കുകയും ഭാഗ്യദായകമാണെന്നുമാണ് വിശ്വാസം. വിഷുവുമായി ബന്ധമുള്ള മറ്റൊന്നാണ് കണിക്കൊന്ന. കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നില്കുന്നത് നയനാന്ദകരമായ കാഴ്ചയാണ്.
എല്ലാ വായനക്കാര്‍ക്കും കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍