തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഇനി ഇ.പി.എഫ്; ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ തുക തനതുഫണ്ടില്‍നിന്ന് അടയ്ക്കാന്‍ നിര്‍ദേശം


തിരുവന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍/ദിവസ വേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവര്‍ക്കെല്ലാം ഇനി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) ആനുകൂല്യം, ഗ്രാമ, ബ്ലോക്ക്, ജില്ല, സംസ്ഥാന തലത്തില്‍ ജോലിചെയ്യുന്നവരെയെല്ലാം വ്യവസ്ഥകള്‍ക്ക് വിധേയമായി പദ്ധതിയില്‍ ചേര്‍ക്കാന്‍ തദ്ദേശവകുപ്പ് തീരുമാനിച്ചു.

നിലവില്‍ തൊഴിലുറപ്പ് പദ്ധതി കരാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന കുറഞ്ഞ വേതനം 24,040 രൂപയാണ്. അതിനാല്‍ അപേക്ഷയുടെ അടിസ്ഥാനത്തിലാകും അവരെ പദ്ധതിയില്‍ ചേര്‍ക്കുക. 15,000 രൂപവരെ വേതനമുള്ള താല്‍ക്കാലിക ജീവനക്കാരെ നിര്‍ബന്ധമായും ചേര്‍ക്കും. 15,000 രൂപയോ അതിലധികമോ പ്രതിമാസം വേതനം വാങ്ങുന്ന താല്‍ക്കാലിക ജീവനക്കാരന്‍ 1800 രൂപ (15,000 രൂപയുടെ 12 ശതമാനം) പി.എഫിലേക്ക് അടയ്ക്കണം.

തൊഴിലുറപ്പ് ഭരണച്ചെലവിനുള്ള പണം പൂര്‍ണമായും കേന്ദ്ര സര്‍ക്കാറാണ് അനുവദിക്കുന്നത്. ഇത് കിട്ടാന്‍ പലപ്പോഴും താമസമുണ്ടാകും. അതിനാല്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ തുക തനതുഫണ്ടില്‍നിന്ന് അടയ്ക്കാനാണ് നിര്‍ദേശം.
1950 രൂപയാണ് (15,000 രൂപയുടെ 13 ശതമാനം) തൊഴിലുടമയുടെ വിഹിതം. തദ്ദേശ സ്ഥാപനങ്ങളോ ബന്ധപ്പെട്ട ജില്ല, സംസ്ഥാന അധികാരികളോ ശ്രം സുവിധ പോര്‍ട്ടലില്‍ തൊഴിലുടമ എന്നനിലയില്‍ രജിസ്റ്റര്‍ ചെയ്ത് എല്ലാ മാസവും 15നു മുമ്പ് മൊത്തം തുകയും പി.എഫ് ഫണ്ടിലേക്ക് അടയ്ക്കണം.