താമരശേരിയിൽ കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരിയുടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാ സേന
താമരശ്ശേരി: താമരശേരിയിൽ അടുക്കളയില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ രണ്ടര വയസുകാരിയുടെ തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങി. അടിവാരം സ്വദേശി കൂളമടത്ത് പുളിക്കല്‍ ജംഷീദിന്റെ മകള്‍ അസാ സഹറയുടെ തലയിലാണ് സ്റ്റീല്‍ പാത്രം കുടുങ്ങിയത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. വീട്ടുകാരും മറ്റുള്ളവരും ഏറെനേരം ശ്രമിച്ചിട്ടും പുറത്തെടുക്കാൻ സാധിച്ചില്ല. ഇതോടെ വീട്ടുകാർ ഫയർ ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു. തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങിയ കുഞ്ഞിനെയും കൊണ്ട് ഉടൻതന്നെ ജംഷീദ് മുക്കം ഫയർഫോഴ്‌സ് സ്റ്റേഷനിലെത്തി.
ഒട്ടും വൈകാതെ തന്നെ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ എം.അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങള്‍ കത്രിക, കട്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് പാത്രം മുറിച്ചാണ് തലയില്‍ നിന്ന് വേര്‍പെടുത്തിയത്.
അതോടെ ഏറെനേരത്തെ ആശങ്ക ആശ്വാസത്തിന് വഴിമാറി. സീനിയര്‍ ഫയര്‍ ഓഫീസര്‍ എന്‍.രാജേഷ്, സേനാംഗങ്ങളായ പി.ടി.ശ്രീജേഷ്, എം.സി.സജിത്ത് ലാല്‍, എ.എസ്.പ്രദീപ്, വി.സലീം, പി.നിയാസ്, വൈ.പി ഷറഫുദ്ധീന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Summary: Two-and-a-half-year-old girl got a steel pot stuck on her head in Tamarassery