ആദ്യഘട്ടത്തിൽ പത്ത് സെന്ററുകള്‍; ‘വർക്ക് നിയർ ഹോം പദ്ധതി’യുടെ നിർമ്മാണ ഉദ്ഘാടനം നവംബർ 23ന്


തിരുവനന്തപുരം: വർക്ക് നിയർ ഹോം പദ്ധതിയുടെ ആദ്യ കേന്ദ്രത്തിന്റെ സംസ്ഥാനതല നിർമാണ ഉദ്ഘാടനം നവംബർ 23ന് രാവിലെ 10:30 ന് കൊട്ടാരക്കരയിൽ ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവ്വഹിക്കും. ഇരുന്നൂറിലധികം പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാൻ സൗകര്യമൊരുക്കുന്ന കേന്ദ്രത്തിന്റെ നിർമ്മാണം അടുത്ത മാർച്ചിൽ പൂർത്തിയാകും.

ഐ ടി/ഐ ടി അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് വീടിനടുത്ത് തൊഴിലെടുക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനായാണ് സർക്കാർ ‘വർക്ക് നിയർ ഹോം’ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ 10 വർക്ക് നിയർ ഹോം സെന്ററുകളാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്.

വികേന്ദ്രീകൃത മാതൃകയിൽ അത്യാധുനിക വർക്ക്സ്റ്റേഷൻ ശൃംഖല കേരളത്തിലാകെ സ്ഥാപിക്കുക എന്നതാണ് കെ-ഡിസ്‌കിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വർക്ക് നിയർ ഹോം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൂന്ന് വർഷത്തിനുള്ളിൽ ഒരു ലക്ഷം പേർക്ക് വീടിനടുത്ത് തൊഴിൽ ചെയ്യുന്നതിനുള്ള സൗകര്യമാണ് വിഭാവനം ചെയ്യുന്നത്. സ്റ്റാർട്ടപ്പുകൾ, ഫ്രീലാൻസ് തൊഴിലിൽ ഏർപ്പെടുന്നവർ, ജീവനക്കാർക്ക് വിദൂരമായി ജോലി ചെയ്യാനുള്ള സൗകര്യം നൽകാൻ താല്പര്യമുള്ള സ്ഥാപനങ്ങൾ തുടങ്ങിവയ്ക്ക് പദ്ധതി പ്രയോജനപ്പെടും. നൈപുണ്യ പരിശീലനത്തിനുള്ള സൗകര്യവുമുണ്ട്.

കൊടിക്കുന്നിൽ സുരേഷ് എം പി, ഐ ടി സെക്രട്ടറി രത്തൻ ഖേൽക്കർ, ജില്ലാ കളക്ടർ എൻ. ദേവിദാസ്, ടെക്‌നോപാർക്ക് സി.ഇ.ഒ. സഞ്ജീവ് നായർ, കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണണൻ തുടങ്ങിയവർ ഉദ്ഘാടനപരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചു.