കോൺ​ഗ്രസ് ഹർത്താൽ; കോഴിക്കോട് ബസ് സ്റ്റാന്റിൽ സമരാനുകൂലികളും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റം, നിർബന്ധിച്ച് കടകൾ അടപ്പിച്ച് പ്രവർത്തകർ 


കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ ഇന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹർത്താൽ അക്രമാസക്തം. നിർബന്ധിച്ച് കടകൾ അടപ്പിച്ചതും  ബസ് സർവീസ് നിർത്താൻ ശ്രമിച്ചതുമാണ് സമാധനമായി പുരോ​ഗമിച്ചിരുന്ന ഹർത്താലിനെ സംഘർഷത്തിലേക്ക് നയിച്ചത്. കോഴിക്കോട് ബസ് സ്റ്റാന്റിലെത്തിയ സമരാനുകൂലികളും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി.

പഴയ ഡിസിസി ഓഫീസ് പരിസരത്തുനിന്ന് പ്രകടനവുമായി മാവൂർ ‍റോഡിലേക്ക് വരികയായിരുന്നു പ്രവർത്തകർ. അതുവഴി കടന്നുപോകുന്ന വാഹനങ്ങളെയും ഇവർ തടയാൻ ശ്രമിച്ചിരുന്നു. ഇതിനിടയിൽ പോലീസുമായി ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. ഹ‍ർത്താലുമായി സഹകരിക്കില്ലെന്നും തങ്ങളുടെ കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിരുന്നു. എന്നാൽ ന​ഗരത്തിലുള്ള കടകൾ പ്രവർത്തകർ എത്തി നിർബന്ധപൂർവ്വം അടപ്പിക്കുകയായിരുന്നു.

Also Read- ജില്ലയിൽ കോൺ​ഗ്രസ് പ്രഖ്യാപിച്ച ഹർത്താൽ കൊയിലാണ്ടിയില്‍ ഭാ​ഗികം; സ്വകാര്യ ബസുകൾ സര്‍വ്വീസ് നടത്തുന്നു, വടകരയില്‍ തുറന്ന കടകള്‍ അടപ്പിച്ച് സമരാനുകൂലികള്‍

രാവിലെ മുതൽ കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നുണ്ടായിരുന്നു. പ്രതിഷേധവുമായി ബസ് സ്റ്റാന്റിലെത്തിയ സമരാനുകൂലികൾ ബസ് സർവീസ് നിർത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ബസ് ജീവനക്കാരുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. പോലീസ് ഇടപെട്ടാണ് രണ്ട് കൂട്ടരെയും പിന്തിരിപ്പിച്ചത്. അതേസമയം മുക്കത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞിരുന്നു.