കാറിനുള്ളില്‍ എം.ഡി.എം.എയും കഞ്ചാവും; തൊടുപുഴയില്‍ കാവിലുംപാറ സ്വദേശിയും സിനിമ താരവും പോലീസ് പിടിയില്‍


തൊടുപുഴ: മയക്കുമരുന്നുമായി വടകര സ്വദേശിയടക്കം രണ്ട് പേര്‍ തൊടുപുഴയില്‍ പിടിയില്‍. കാവിലുംപാറ കൊയിലോംചാൽ പെരിമാലിൽ വീട്ടിൽ ജിസ്‌മോൻ (34), സിനിമ-ബിഗ്‌ബോസ് താരം എറണാകുളം കുന്നത്തുനാട് വെങ്ങോല പള്ളിക്കൂടത്തിങ്കൽ വീട്ടിൽ പരീക്കുട്ടി (ഫരീദുദ്ദീൻ-31) എന്നിവരെയാണ് മൂലമറ്റം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

10.5 ഗ്രാം എം.ഡി.എം.എ.യും ഒൻപത് ഗ്രാം കഞ്ചാവുമായാണ് ഇവരില്‍ നിന്നും പോലീസ് പിടികൂടിയത്‌. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പുള്ളിക്കാനം എസ് വളവിൽ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്‌. ഇവര്‍ സഞ്ചരിച്ച കാറിനുള്ളിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയും കുട്ടിയുമുണ്ടായിരുന്നു. അതുകൊണ്ട്‌ ഏറെ കഷ്ടപ്പെട്ടാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.

പിടികൂടിയ മയക്കുമരുന്നിന് മാര്‍ക്കറ്റില്‍ ലക്ഷങ്ങളുടെ വില വരും. കാര്‍ പോലീസ് പിടിച്ചെടുത്തു. ഒരു അഡാർ ലൗ, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിൽ പരീക്കുട്ടി അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിൽ മത്സരാർഥി കൂടിയായിരുന്നു.

Description: Two people, including the Bigg Boss star, were arrested with cannabis