ഇന്ന് ചെറിയ വിഷു; മഴയിലും വിപണിയും ഒരുക്കങ്ങളും സജീവം
കോഴിക്കോട്: നന്മയുടെ മനോഹര കാഴ്ചയൊരുക്കി മലയാളികള്‍ ഇന്ന് ചെറിയ വിഷുവിനെ വരവേല്‍ക്കുന്നു. കാര്‍ഷികോത്സവമാണ് വിഷു. പാടത്തും പറമ്പിലും വിളവെടുപ്പിന്റെ ആരവമുയരുന്ന ആശ്വാസനാളുകള്‍. എങ്ങും പൂത്തുലഞ്ഞ കണിക്കൊന്നയുടെ മനോഹരമാക്കാഴ്ച.
കൊയിലാണ്ടിയില്‍ പുലര്‍ച്ചെ പെയ്ത മഴ പടക്കം പൊട്ടിക്കലിനും പൂത്തിരി കത്തിക്കലിനുമൊക്കെ തടസമായെന്നതൊഴിച്ചാല്‍ എല്ലാവരും വിഷുവിനെ എതിരേല്‍ക്കാനുള്ള അവസാന ഒരുക്കത്തിലാണ്. കൊന്നപ്പൂവും കണ്ണിമാങ്ങയും കണിവെള്ളരിയുമെല്ലാം തയ്യാറായിക്കഴിഞ്ഞു.
കഴിഞ്ഞ രണ്ടുതവണയും വിഷുവിനെ കോവിഡ് അപഹരിച്ചിരുന്നു. അതിനാല്‍ ഇത്തവണത്തെ ആഘോഷത്തിന് മാറ്റ് കൂടും. ഒരാഴ്ചയായി വൈകുന്നേരങ്ങളില്‍ പെയ്യുന്ന മഴ വിപണിയെ ചെറിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ബസ് സ്റ്റാന്റിലെയും പരിസരത്തെയും വഴിയോരക്കച്ചവടക്കാരെയും മറ്റുമാണ് മഴ ഏറെ ബുദ്ധിമുട്ടിച്ചത്. സാധാരണ ആഘോഷ വേളകളില്‍ ഏറെ തിരക്ക് ഉണ്ടാവാറുള്ള ഇടങ്ങളാണ് വഴിയോര കച്ചവട കേന്ദ്രങ്ങള്‍. ഇന്ന് പുലര്‍ച്ചെ മഴ പെയ്‌തെങ്കിലും രാവിലെയോടെ മാനം തെളിയുന്നുണ്ട്. അതിനാല്‍ ആഘോഷങ്ങള്‍ വെള്ളത്തിലാവില്ലെന്ന പ്രതീക്ഷയിലാണ് കൊയിലാണ്ടിയിലെ വിപണി.