തമിഴ് ചിത്രം അമരനൊപ്പം ഹിറ്റായി കൊയിലാണ്ടിക്കാരന്‍ ഷിജു രാഘവന്‍
കൊയിലാണ്ടി: ശിവകാര്‍ത്തികയും സായി പല്ലവിയും മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന തമിഴ് ചിത്രം ‘അമരന്‍’ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനംകവര്‍ന്ന് വിജയഗാഥ തുടരുമ്പോള്‍ അതില്‍ കൊയിലാണ്ടിയ്ക്കും അഭിമാനിക്കാന്‍ വകയുണ്ട്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഒരു കൊയിലാണ്ടിക്കാരനുണ്ട്, പന്തലായനി സ്വദേശി ഷിജു രാഘവന്‍. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവചരിത്ര കഥ പറയുന്ന സിനിമയില്‍ ആര്‍മി ട്രെയിനറായ റോജി മാത്യു വര്‍ഗീസ് എന്ന കഥാപാത്രത്തെയാണ് ഷിജു അവതരിപ്പിച്ചത്. സിനിമയുടെ വിജയത്തിനൊപ്പം റോജിയും ഹിറ്റായി.
ഷിജുവിന്റെ കഥാപാത്രം തമിഴ്, മലയാളി പ്രേക്ഷകരില്‍നിന്ന് മികച്ച അഭിപ്രായമാണ് നേടിയത്. ബാലസംഘം പ്രവര്‍ത്തകനായിരുന്ന ഷിജു നാടക രംഗത്ത് സജീവമായിരുന്നു. കൊയിലാണ്ടിയില്‍ കലാരംഗത്ത് നിറഞ്ഞ് നിന്ന ഷിജു രാഘവന്‍ ജോലി കിട്ടി ചെന്നൈയിലെത്തിയിട്ടും നാടകവുമായുള്ള ബന്ധം ഉപേക്ഷിച്ചില്ല. ചെന്നൈ മക്തൂബ് തിയറ്റര്‍ അംഗമായ ഇദ്ദേഹം മദ്രാസ് കേരള സമാജമായും ടിമാര്‍ട്ട്‌സ് ചെന്നൈയുമായും ചേര്‍ന്നാണ് നാടക രംഗത്ത് പ്രവര്‍ത്തിക്കുന്നത്.
ചെന്നൈ അണ്ണാ നഗറില്‍ ഭാര്യ സുമിതയോടും കുടുംബത്തോടുമൊപ്പം താമസിക്കുന്ന ഷിജു വി-ഗാര്‍ഡ് ഉദ്യോഗസ്ഥനാണ്. ഹൃദയം, ഫിലിപ്‌സ് തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൊയിലാണ്ടി പന്തലായനി കോവിലിടത്ത് രാഘവന്‍ നായരുടെയും രാധയുടെയും മകനാണ് ഇദ്ദേഹം.