ലഹരി മാഫിയ പിടിമുറുക്കി; അപകട മുനമ്പിൽ ബാലുശേരി
ബാലുശ്ശേരി: ലഹരിയുടെ കേന്ദ്രമായി ബാലുശ്ശേരി. അനധികൃത മദ്യവിൽപ്പന സജീവമാകുന്നതോടൊപ്പം തന്നെ കഞ്ചാവും സുലഭമാവുകയാണിവിടെ. ടൗണിന്റെ ഇടവഴികൾ കേന്ദ്രികരിച്ചാണ് പ്രധാന കച്ചവടം. പകൽ സമയങ്ങളിൽ ബസ് സ്റ്റാന്റിന്റെ പിൻ വശത്തെ ഇടവഴികളിലാണ് മദ്യ, കഞ്ചാവ് വിൽപ്പന നടക്കുന്നത്. ഇത് ആരംഭിച്ചിട്ട് മാസങ്ങളായി എങ്കിലും അധികൃതർ ആരും ഇതിനെതിരെ നടപടികൾ എടുക്കുന്നില്ല എന്ന പരാതിയിലാണ് നാട്ടുകാർ. വിഷു ആഘോഷം വരുന്നതിനു മുന്നാടിയായി പ്രദേശത്ത് വ്യാജവാറ്റ് വ്യാപകമായതായും ഇടവഴികളിൽ പൊലിസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ലഹരിഉൽപ്പന്നങ്ങൾ കൈമാറുന്ന വിവരം പല തവണ പൊലിസിൽ അതത് സമയം അറിയിച്ചിട്ടും നടപടിയെടുത്തിട്ടിട്ടില്ല എന്ന് പ്രദേശ വാസികൾ പറയുന്നു. മദ്യപരുടെ ശല്യം കാരണം രാത്രി സമയങ്ങളിൽ വളരെയധികം ബുദ്ധിമുട്ടാറുണ്ടെന്ന് സമീപവാസികൾ പറഞ്ഞു. പോലീസിന്റെ സൂക്ഷ്മ പരിശോധനയില്ലാത്തതിനാലാണിവിടം ലഹരിയുടെ കേന്ദ്രമായി മാറുന്നതെന്നവർ കൂട്ടിച്ചേർത്തു.
പ്രദേശവാസികൾ നൽകിയ രഹസ്യവിവരത്തെ തുടർന്ന് ഞായറാഴ്ച വൈകീട്ട് സന്ധ്യ തിയേറ്ററിനടുത്ത് നിർത്തിയിട്ട് ഇരുചക്ര വാഹനത്തിൽ നിന്ന് പൊലിസ് ഏഴു ലിറ്റർ മദ്യം പിടിച്ചിരുന്നു. പനങ്ങാട് സ്വദേശി ഹാരിസ് (47) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.