മാലിന്യ മുക്തം നവകേരളം; കൊയിലാണ്ടി നഗരസഭ ഹരിത പുരസ്‌ക്കാരം പ്രഖ്യാപനം നവംബര്‍ 1 ന്
കൊയിലാണ്ടി: ശുചിത്വ കേരളം സുസ്ഥിര കേരളം’ എന്ന ലക്ഷ്യത്തിലേക്കായി മാലിന്യ മുക്തം നവകേരളം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ ഹരിത പുരസ്‌ക്കാരം പ്രഖ്യാപിക്കുന്നു. നവംബര്‍ 1 ന് രാവിലെ 9 മണിക്ക് എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യും.
2024 ഒക്ടോബര്‍ 2 (ഗാന്ധി ജയന്തി) മുതല്‍ 2025 മാര്‍ച്ച് 30 (അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം) വരെ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി നവംബര്‍ 1 ന് പത്ത് ശതമാനം സ്‌കൂളുകളും, ഓഫീസുകളും അയല്‍ക്കൂട്ടങ്ങളും ഹരിത പ്രഖ്യാപനം നടത്തുന്നത്. ഇതിന്റെ ഭാഗമായി കൊയിലാണ്ടി മുന്‍സിപ്പല്‍ ഓഫീസും കൊയിലാണ്ടി താലൂക്ക് ഓഫീസും സിവില്‍സ്റ്റേഷനും ഹരിത ഓഫീസായി പ്രഖ്യാപിക്കും.
നഗരസഭയിലെ 23 സ്‌കൂളുകളിലെ 5 സ്‌കൂളുകള്‍ ഹരിത വിദ്യാലയമായി പ്രഖ്യാപിക്കും. കൂടാതെ നഗരസഭയിലെ 714 അയല്‍ക്കൂട്ടങ്ങളില്‍ നിന്നും നൂറോളം വരുന്ന അയല്‍ക്കൂട്ടങ്ങള്‍ ഹരിത അയല്‍ക്കൂട്ടങ്ങളായി പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായി ചടങ്ങില്‍ പങ്കെടുക്കുന്ന മുഴുന്‍ ആളുകള്‍ക്കും തുണി സഞ്ചി സൗജന്യവിതരണം ചെയ്യും. ‘വീട്ടിലൊരു തുണിസഞ്ചി’ എന്ന പരിപാടിയിലൂടെ നഗരസഭയിലെ ഇരുപതിനായിരം വീടുകളിലും തുണി സഞ്ചി എത്തിക്കുകയെന്നാണ് ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് കാരിബാഗ് ഉപയോഗം കുറച്ച് തുണിസഞ്ചിയിലേയ്ക്ക് മാറാനുള്ള ക്യാമ്പയിനും സംഘടിപ്പിക്കും.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിക്കും. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി കവിത നവകേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.ടി പ്രസാദ് എന്നിവര്‍ മുഖ്യാതിഥിയാവും.