കുഴിയും പഴിയും പേടിക്കേണ്ട, കൊയിലാണ്ടിയിലേക്ക് വളഞ്ഞവഴി പോകേണ്ട; നെല്ല്യാടി-മേപ്പയ്യൂര്‍ റോഡിലെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്നു, റോഡ് റീടാറിങ് പ്രവൃത്തി തുടങ്ങി


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍-നെല്ല്യാടി റോഡിലെ ഏറെ കുപ്രസിദ്ധമായ യാത്രാദുരിതത്തിന് താല്‍ക്കാലിക പരിഹാരമാകുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ റീടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പി.ഡബ്ല്യു.ഡിയുടെ രണ്ടുകോടി 49ലക്ഷം രൂപ ഫണ്ടിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നത്.

നെല്ല്യാടി പാലം മുതല്‍ മേപ്പയ്യൂര്‍ ടൗണ്‍ വരെയുള്ള ഭാഗമാണ് റീടാര്‍ ചെയ്യുന്നത്. നിലവിലെ വീതിയില്‍ തന്നെയായിരിക്കും റോഡ്. ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്ട് സൊസൈറ്റിയാണ് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇന്നലെ ആരംഭിച്ച പ്രവൃത്തി മഴ ശല്യമായില്ലെങ്കില്‍ രണ്ടാഴ്ചകൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.


മേപ്പയൂര്‍- കൊല്ലം റോഡ് പാടേ തകര്‍ന്നിട്ട് ഒരു വര്‍ഷത്തോളമായി. കുണ്ടും കുഴിയുമായ റോഡില്‍ അറ്റകുറ്റപ്പണി പോലും വേണ്ട രീതിയില്‍ നടത്തിയിരുന്നില്ല. മഴക്കാലത്ത് വെള്ളക്കെട്ട് കാരണം റോഡ് തന്നെ കാണാത്ത സ്ഥിതിയാണ്. റോഡ് വികസനത്തിനായി സംസ്ഥാന ബജറ്റില്‍ മൂന്നു തവണ തുക വകയിരുത്തിയിരുന്നു. ഒടുവിലത്തെ
ബജറ്റില്‍ 39 കോടി രൂപയാണ് അനുവദിച്ചത്. എന്നാല്‍ സ്ഥലം ഏറ്റെടുപ്പിലെ പ്രശ്‌നങ്ങള്‍ കാരണം റോഡ് വികസനം നീളുകയായിരുന്നു.

റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ കക്ഷിരാഷ്ട്രീയഭേദമന്യേ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. മുമ്പ് ഏറെ തിരക്കേറിയ ഈ പാത റോഡിന്റെ പരിതാപകരമായ അവസ്ഥകാരണം ഇന്ന് വളരെ കുറഞ്ഞ ആളുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. നിത്യേന നിരവധി ബസുകള്‍ മേപ്പയൂരില്‍ നിന്ന് കൊയിലാണ്ടിയിലേക്കും കോഴിക്കോട്ടേക്കും ഇതുവഴി കടന്നു പോകുന്നുണ്ടെങ്കിലും വളരെ പതുക്കെയേ നീങ്ങാനാവൂവെന്ന സ്ഥിതിയാണ്.

കുറ്റ്യാടി, നാദാപുരം, ചെറുവണ്ണൂര്‍, ആവള തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം കോഴിക്കോട്ടേക്കുള്ള എളുപ്പവഴിയായത് കൊണ്ട് റോഡ് ഗതാഗതയോഗ്യമാക്കുന്നത് നിരവധിയാത്രക്കാര്‍ക്ക് സൗകര്യമാകും. ദേശീയ പാതയില്‍ പയ്യോളിക്കും കൊയിലാണ്ടിക്കുമിടയില്‍ ഗതാഗത തടസ്സങ്ങളുണ്ടാവുമ്പോള്‍ കൊയിലാണ്ടിയിലേക്ക് വാഹനങ്ങള്‍ തിരിച്ചുവിടുന്നതും ഇത് വഴിയാണ്.


Summary: The travel woes on the Nelliadi-Mepayyur road have been resolved