കൊയിലാണ്ടിയിലെ കവര്‍ച്ച: വടകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു, എ.ടി.എം റീഫില്‍ ഏജന്റ് ആക്രമിക്കപ്പെട്ടെന്ന് പറഞ്ഞ കുരുടിമുക്കില്‍ പൊലീസ് പരിശോധന


കൊയിലാണ്ടി: വെങ്ങളം കാട്ടിലപ്പീടികയില്‍ വണ്‍ ഇന്ത്യാ എ.ടി.എം ഫ്രാഞ്ചൈസി ജീവനക്കാരനെ കവര്‍ച്ച ചെയ്ത് ബന്ധിയാക്കിയെന്ന കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. വടകര ഡി.വൈ.എസ്.പി ആര്‍.ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പയ്യോളി സ്വദേശിയായ സുഹൈലിനെയാണ് വാഹനത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടത്.

അന്വേഷണ സംഘം സുഹൈലുമായി ആശുപത്രിയിലെത്തി വൈദ്യപരിശോധന നടത്തി. തുടര്‍ന്ന് കുരുടിമുക്കില്‍ ആക്രമണം നടന്നുവെന്നു പറയുന്ന സ്ഥലത്തെത്തി ഡി.വൈ.എസ്.പി ഹരിപ്രസാദ്, കൊയിലാണ്ടി സി.ഐ ശ്രീലാല്‍ ചന്ദ്രശേഖരന്‍, എസ്.ഐ ജിജേഷ് എന്നിവരുള്‍പ്പെട്ട സംഘം പരിശോധന നടത്തി. ഇവിടെയുള്ള സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

രാവിലെ പതിനൊന്ന് മണിയോടെ കൊയിലാണ്ടിയിലെ എ.ടി.എമ്മില്‍ നിന്നും പണമെടുത്തശേഷം കുരുടിമുക്കിലെ എ.ടി.എമ്മില്‍ നിക്ഷേപിക്കാനായി പോകവെ വഴിയില്‍ പര്‍ദയിട്ട സ്ത്രീ കൈ കാണിച്ചെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. വാഹനം നിര്‍ത്തിയതിന് പിന്നാലെ ആക്രമിച്ചെന്നും പിന്നീട് നടന്നതൊന്നും ഓര്‍മ്മിയില്ലെന്നുമാണ് പറഞ്ഞത്. പിന്നീട്  കാട്ടിലപ്പീടികയില്‍ ജനങ്ങള്‍ നോക്കുമ്പോഴാണ് ബോധംവരുന്നത്. 25ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ഇയാള്‍ പറയുന്നത്.

Summary: Robbery in Koyilandy: Investigation under the leadership of Vadakara DYSP is in progress