‘ജീവിതമാണ് ലഹരി’; ലഹരിവിരുദ്ധ സന്ദേശങ്ങളുമായി കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസ്, ഉപജില്ലാ ശാസ്ത്രമേളയില്‍ വിദ്യാര്‍ത്ഥികളില്‍ ഹരംകൊള്ളിച്ച് ബാസ്ക്കറ്റ്ബോള്‍ ചലഞ്ച്
കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ച് കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസ്. രണ്ട് ദിവസം നീണ്ട പരിപാടിയില്‍ ലഹരിവിരുദ്ധ പോസ്റ്ററുകളും ബാസ്ക്കറ്റ്ബോള്‍ ചലഞ്ച്, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിങ്ങനെയാണ് സംഘടിപ്പിച്ചത്.
ഉപജില്ലാ ശാസ്ത്രമേളയുടെ ആദ്യദിനവും സമാപനദിനമായ ഇന്നും ബാസ്ക്കറ്റ് ബോള്‍ ചലഞ്ച് നടത്തിയിരുന്നു.ഇത് വിദ്യാര്‍ത്ഥികളെ ഹരംകൊള്ളിച്ചു. ‘ജീവിതമാണ് ലഹരി’ എന്ന ആശയം വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും എത്തിക്കുന്നതിനായി നിരവധി പോസ്റ്ററുകള്‍ നിര്‍മ്മിക്കുകയും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ച പോസ്റ്ററുകളിലെ ആശയം വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ വിവരിച്ചു കൊടുക്കുകയും ചെയ്തു.
കേരള എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസും ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം തിരുവങ്ങൂര്‍ ഉം സംയുക്തമായാണ് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്സില്‍ ഇത്തരം ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയത്. രണ്ടുംദിവസവും നിരവധി വിദ്യാര്‍ത്ഥികള്‍ ക്ലാസിനും പോസ്റ്റര്‍ വിശകലനത്തിനും പങ്കാളികളായി.
പരിപാടിയില്‍ പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) അനീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍ മിനേഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ദീപ്തി, തിരുവങ്ങൂര്‍ ആരോഗ്യ കേന്ദ്രത്തിലെ നേഴ്സുമാരായ ആതിര, അതുല്യ, അമൃത എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ക്കും മറ്റും നേതൃത്വം നല്കി.