വയനാട് പ്രിയങ്ക, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍; ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര, പാലക്കാട് എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധി രാജിവെച്ചൊഴിഞ്ഞ വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയാണ് സ്ഥാനാര്‍ഥി. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ പാലക്കാട് മുന്‍ എം.പി കൂടിയായ രമ്യ ഹരിദാസുമാണ് സ്ഥാനാര്‍ഥികള്‍.
വയനാട്, റായ്ബറേലി എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി വിജയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വയനാട് ഒഴിയുകയായിരുന്നു. പാലക്കാട് എം.എല്‍.എ. ആയിരുന്ന ഷാഫി പറമ്പില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് പോകുന്നത്. ചേലക്കരയിലെ എം.എല്‍.എ. ആയിരുന്ന കെ.രാധാകൃഷ്ണന് ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. അദ്ദേഹം എം.എല്‍.എ സ്ഥാനം ഒഴിഞ്ഞതോടെയാണ് ഈ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പിനെ കളമൊരുങ്ങിയിരിക്കുന്നത്.
അതേസമയം മുന്‍ എം.പിയായ രമ്യ ഹരിദാസ് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്ന് മത്സരിക്കുകയും എല്‍.ഡി.എഫിന്റെ കെ. രാധാകൃഷ്ണനോട് തോല്‍ക്കുകയും ചെയ്തിരുന്നു.
കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകള്‍ നവംബര്‍ 13നാണ് നടക്കുന്നത്. വോട്ടെണ്ണല്‍ നവംബര്‍ 23ന് ശനിയാഴ്ചയാണ്. ഈ മാസം 25 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 28 നാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 30 ആണ്.
Summary: Congress announces candidates for by-elections