അച്ഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി മകന്‍; സംഭവം തൃശ്ശൂര്‍ വെള്ളിക്കുളങ്ങരയില്‍


തൃശ്ശൂര്‍: വെള്ളിക്കുളങ്ങര ഇഞ്ചകുണ്ടിൽ മകൻ അച്ഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി. ഇഞ്ചകുണ്ട് കുണ്ടിൽ കുട്ടൻ, ഭാര്യ ചന്ദ്രിക എന്നിവരെയാണ് മകൻ അനീഷ് കൊലപ്പെടുത്തിയത്. ഞായറാഴ്‌ച‌ രാവിലെയാണ് സംഭവം. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു.

കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. വീടിന് മുമ്പിലെ റോഡരികിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. അനീഷും മാതാപിതാക്കളും തമ്മില്‍ വീട്ടില്‍ വഴക്കിടുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഞായറാഴ്‌ച രാവിലെയും വഴക്കുണ്ടായി. തുടര്‍ന്ന് അനീഷ് മാതാപിതാക്കളെ വെട്ടുകത്തി കൊണ്ട് ആക്രമിച്ചു. രക്ഷപ്പെടാനായി മാതാപിതാക്കള്‍ വീടിന് പുറത്തേക്ക് ഇറങ്ങിയോടിയെങ്കിലും പിന്തുടര്‍ന്നെത്തിയ അനീഷ് ഇരുവരെയും വീടിന് മുമ്പിലുള്ള റോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.