ഇതാ കേരളം കാത്തിരുന്ന കോടിപതി; 25 കോടിയുടെ തിരുവോണം ബംപര്‍ അടിച്ചത് കർണാടക സ്വദേശിക്ക്


തിരുവനന്തപുരം: തിരുവേണം ബംപറിന്റെ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചയാളെ തിരിച്ചറിഞ്ഞു. കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫ് ആണ് ഭാഗ്യവാന്‍. മെക്കാനിക്കായ അല്‍ത്താഫ് കഴിഞ്ഞ 15 വര്‍ഷമായി ലോട്ടറിയെടുക്കുന്നയാളാണ്. കഴിഞ്ഞ മാസം വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ബന്ധുവീട്ടില്‍ എത്തിയപ്പോഴായിരുന്നു അല്‍ത്താഫ് ലോട്ടറിയെടുത്തത്.

തിരുവോണം ബംപര്‍ അടിച്ച വിവരം ഇന്നലെ ബന്ധുക്കളോട് പറഞ്ഞിരുന്നവെങ്കിലും ആരും വിശ്വസിച്ചില്ല. ടിവിയില്‍ കാണിച്ച ടിക്കറ്റ് നമ്പറിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ബന്ധുക്കളെ കാണിച്ചതേടെയാണ് എല്ലാവരും വിശ്വസിച്ചതെന്ന് അല്‍ത്താഫ് പറയുന്നു. ശേഷം വയനാട്ടിലുള്ള ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു.

ബത്തേരി ഗാന്ധി ജംഗ്ഷന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ലോട്ടറിക്കടയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഇതേ കടയില്‍ നിന്നും വിറ്റ വിന്‍ വിന്‍ ലോട്ടറിക്ക് 75ലക്ഷം രൂപയുടെ ഒന്നാം സമ്മാനം അടിച്ചിരുന്നു. ക​ർ​ണാ​ട​ക മൈ​സൂ​രു ഹു​ന്നൂ​ർ ഹ​ള്ളി സ്വ​ദേ​ശി നാ​ഗ​രാ​ജി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ ​ക​ട.

Description: Thiruvenam Bumper’s first prize winner of Rs 25 crore has been identified