നേരിയ ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു, ഡിസംബറില്‍ റെക്കോര്‍ഡ് കടക്കുമെന്ന് റിപ്പോര്‍ട്ട്


തിരുവന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,240 രൂപയായി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 7030 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം മുതലാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്.

57,000 കടന്നും മുന്നേറുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുമ്പോഴാണ് സ്വര്‍ണവില കുറഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച 56,960 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. ശനിയാഴ്ച സ്വര്‍ണ്ണവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. ഈ വര്‍ഷം അവസാനത്തോടെ സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനം വര്‍ധനവാണ് ഉണ്ടായത്.

നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്.