ചെറുവണ്ണൂരിലെ ജ്വല്ലറി കവര്‍ച്ചക്കേസില്‍ പ്രതിയായി മലയാളിയും; തെളിവെടുപ്പിനിടെ നിര്‍ണ്ണായക വിവരം നല്കി പ്രതി
പേരാമ്പ്ര: ചെറുവണ്ണൂരിലെ പവിത്രം ജ്വല്ലറി കവര്‍ച്ചക്കേസില്‍ പ്രതിയായി മലയാളി കൂടി ഉണ്ടെന്ന് വെളിപ്പെടുത്തല്‍. തെളിവെടുപ്പിനിടെ പ്രതി മുഹമ്മദ് മിനാറുല്‍ ഹഖാണ് പൊലീസിനോട് ഇക്കാര്യം പറഞ്ഞത്. കേസിലെ പ്രധാന സൂത്രധാരന്‍ ഇസാഖ് മംഗുരയ്ക്കാണ് ഇയാളുമായി ബന്ധം എന്നാണ് കരുതുന്നത്.
ജൂലൈ ആറിനു പുലര്‍ച്ചെ നാലുമണിയോടെ മൂന്നുപേരാണ് ചെറുവണ്ണൂരില്‍ എത്തിയത്. ആയുധങ്ങളുമായി എത്തിയ സംഘം ജ്വല്ലറിക്കു പിറകിലെ ചുമര് കുത്തി പൊളിക്കുമ്പോള്‍ മലയാളിയായ വ്യക്തി ആരെയോ ഫോണ്‍ ചെയ്യുകയായിരുന്നു എന്നു പിടിയിലായ പ്രതി മുഹമ്മദ് മിനാറുല്‍ ഹഖ് പറഞ്ഞു. അയാളെ കൃത്യമായി അറിയില്ല. കണ്ടാല്‍ അറിയാം. ഈ കേസിലെ പ്രധാന സൂത്രധാരനും പിടി കിട്ടാനുമുള്ള ഇസാഖ് മംഗുരയ്ക്കാണ് ഇയാളുമായി ബന്ധം എന്നാണ് കരുതുന്നത്. ഇസാഖ് മംഗുരയെ കണ്ടെത്തിയാല്‍ മാത്രമേ കേസിന്റെ പൂര്‍ണ ചിത്രം വ്യക്തമാകാനും പ്രാദേശിക കണ്ണിയെ കണ്ടെത്താനും കഴിയൂ.
പ്രതിയുമായി പൊലീസ് സംഘം താമസ സ്ഥലമായ മുയിപ്പോത്ത് ടൗണിലെ കെട്ടിടത്തിലും സമീപ പ്രദേശങ്ങളിലും ചെറുവണ്ണൂര്‍ ടൗണിലെ ജ്വല്ലറിയിലും പിറകിലെ ചുമര് കുത്തിത്തുറന്ന സ്ഥലത്തും എത്തി തെളിവെടുപ്പ് നടത്തി. സാധനം എടുത്ത ശേഷം തിരിച്ചു പോയ വഴിയും പൊളിക്കാന്‍ ഉപയോഗിച്ച കമ്പിപ്പാരയും രണ്ട് സ്ക്രൂ ഡ്രൈവറും പിന്നിലെ തോട്ടില്‍ നിന്നു കണ്ടെടുത്തു. തിരിച്ചു പോകുന്ന വഴി ആയുധങ്ങള്‍ ഇവിടെ ഉപേക്ഷിച്ചെന്ന് പ്രതി പറഞ്ഞതോടെ നാട്ടുകാരാണ് തോട്ടില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയത്.
പിടികിട്ടിയ പ്രതിയുടെ കയ്യില്‍ ഉണ്ടായിരുന്ന കളവു മുതല്‍ മാത്രമാണ് പൊലീസിനു ലഭിച്ചിട്ടുള്ളൂ. വടകര മുതല്‍ പന്നിമുക്ക് വരെയുള്ള സിസിടിവി പരിശോധിച്ചതില്‍ 2 പേരെ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. നാട്ടുകാരനായ മൂന്നാമനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പേരാമ്പ്ര ഡി.വൈ.എസ്.പി വി.വി.ലതീഷ് മേപ്പയൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി.ഷിജു എന്നിവരുടെ നിര്‍ദേശ പ്രകാരം എസ്.ഐമാരായ പി.വിനീത് വിജയന്, കെ.വി.സുധീര്‍ ബാബു, എ.എസ്.ഐ കെ.ലിനേഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.സിഞ്ചുദാസ്, കെ.ജയേഷ്, തോമസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.