ലൈംഗികാതിക്രമ പരാതിയില്‍ ബി.ജെ.പി കൊയിലാണ്ടി മണ്ഡലം ജനറല്‍ സെക്രട്ടറിയെ സംരക്ഷിക്കാന്‍ ഉന്നത നേതാക്കള്‍ ഇടപെടുന്നു; എ.വി.നിഥിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ


കൊയിലാണ്ടി: നിയമസഹായം ആവിശ്യപ്പെട്ടെത്തിയ എറണാകുളം സ്വദേശിയായ യുവതിയോട് ലൈംഗികാതിക്രമം കാണിച്ച ബി.ജെ.പി മണ്ഡലം സെക്രട്ടറിയുടെ നിലപാട് അങ്ങേയറ്റം സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി. ലൈംഗികാതിക്രമ പരാതിയില്‍ പ്രതിയായ ബി.ജെ.പി കൊയിലാണ്ടി മണ്ഡലം സെക്രട്ടറിയെ അഡ്വ. എ.വി നിഥിനെ സംരക്ഷിക്കാന്‍ സംഘടനയിലെ ഉന്നത നേതാക്കള്‍ ഇടപെടുന്നുകയാണ്. കേസിന്റെ ആവിശ്യാര്‍ത്ഥം സമീപിച്ച യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ വക്കീല്‍ കൂടിയായ ബി.ജെ.പി മണ്ഡലം സെക്രട്ടറി എ.വി നിഥിനതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

കേന്ദ്ര ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് പ്രതിയെ സംരക്ഷിക്കാനുള്ള നീക്കം അനുവദിക്കാനാവില്ല. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ടവര്‍ ഉത്തരേന്ത്യന്‍ മോഡല്‍ കേരളത്തിലും നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. ലൈംഗികാതിക്രമ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബി.ജെ.പി കൊയിലാണ്ടി മണ്ഡലം സെക്രട്ടറിക്കെതിരെ ബന്ധപ്പെട്ടവര്‍ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് സെക്രട്ടറി എന്‍.വിജീഷ്, ബ്ലോക്ക് പ്രസിഡന്റ് കെ.കെ.സതീഷ് ബാബു, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സി. ബിയോജ്, വൈസ് പ്രസിഡന്റ് റിഥിന്‍ കൃഷ്ണ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

എറണാകുളത്ത് താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനിയാണ് എ.വി.നിഥിനെതിരെ പരാതി നല്‍കിയത്. പരാതിയില്‍ കടവന്ത്ര പൊലീസാണ് കേസെടുത്തത്. ഭര്‍ത്താവുള്‍പ്പെട്ട കേസ് നടത്തിയിരുന്ന അഭിഭാഷകനായ നിഥിന്‍ കേസിന്റെ കാര്യത്തിനായി ബന്ധപ്പെട്ട തന്നോട് നേരിട്ടും ഫോണിലും ലൈംഗികച്ചുവയോടെ സംസാരിക്കുകയും സമീപിക്കുകയും ചെയ്‌തെന്നാണ് പരാതി. ഐ.പി.സി 354എ, 354 ഡി, 506, 509 വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Summary: Top Leaders Intervene to Protect BJP Constituency Secretary in Sexual Assault Complaint; Strong legal action should be taken against AV Nithin demands dyfi