പഴയകാല മാലിന്യ സംസ്‌കരണം, ഭക്ഷണ രീതി, ജീവിത രീതി എന്നിവ വിഷയമായി; ലോക വയോജന ദിനത്തില്‍ മുതിര്‍ന്ന പൗരന്മാരുമായി കുട്ടികളുടെ ശുചിത്വ സംവാദം


കൊയിലാണ്ടി: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ലോക വയോജന ദിനത്തില്‍ മുതിര്‍ന്ന പൗരന്മാരുമായി കുട്ടികളുടെ ശുചിത്വ സംവാദം നടത്തി. ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കൊയിലാണ്ടിയിലെ എന്‍.എസ്.എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികളാണ് മുതിര്‍ന്ന പൗരന്മാരുമായി സംവാദം നടത്തിയത്. പഴയകാലത്തെ മാലിന്യ സംസ്‌കരണം, ഭക്ഷണ രീതി, ജീവിത രീതി, കാലാവസ്ഥ തുടങ്ങി നിരവധി വിഷയങ്ങളില്‍ സംവാദം നടന്നു.

നഗരസഭ കൗണ്‍സിലിലെ മുതിര്‍ന്ന അംഗം രത്‌നവല്ലി ടീച്ചര്‍ ശുചിത്വ സംവാദം ഉദ്ഘാടനം ചെയ്തു. ജില്ലാ ആസൂത്രണ സമിതി അംഗം എ സുധാകരന്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.റിഷാദ് സ്വാഗതം പറഞ്ഞു. അഡ്വക്കറ്റ് കെ.വിജയന്‍, വി.സുന്ദരന്‍ മാസ്റ്റര്‍, മേപ്പയില്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, പി.സുധാകരന്‍ മാസ്റ്റര്‍, അപ്പുക്കുട്ടി, പ്രേമകുമാരി.എം.വി, എം.എം.ചന്ദ്രന്‍ മാസ്റ്റര്‍, ബാലന്‍ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.

നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേപാട്ട്, വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.പ്രജില, നഗരസഭാ സെക്രട്ടറി ഇന്ദു എസ്.ശങ്കരി കെ.എ.എസ്, ക്ലീന്‍ സിറ്റി മാനേജര്‍ ടി.കെ.സതീഷ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജമീഷ് മുഹമ്മദ്, ലിജോയ്, ഷൈനി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ നിഷിത.എന്‍.കെ എന്നിവര്‍ സന്നിഹിതരായി.