കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു



കൂത്തുപറമ്പ്: കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷിയായി അറിയപ്പെട്ടിരുന്ന പുഷ്പന്‍ അന്തരിച്ചു. അന്‍പത്തിനാല് വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ആഗസ്റ്റ് രണ്ടിനാണ് പുഷ്പനെ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

1994 നവംബര്‍ 25 ന് ഉണ്ടായ കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന് വെടിയേല്‍ക്കുന്നത്. ഇതോടെ ശരീരം തളര്‍ന്ന് കിടപ്പിലായിരുന്നു. ഇരുപത്തിനാലാം വയസിലാണ് പുഷ്പന്‍ കിടപ്പിലായത്. സുഷുമ്‌നനാഡി തകര്‍ന്ന നിലയിലായിരുന്നു. സി.പി.എം നോര്‍ത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു.

ബാലസംഘത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തിലേക്ക് വരുന്നത്. നോര്‍ത്ത് മേനപ്രം എല്‍.പി സ്‌കൂളിലും ചൊക്ലി രാമവിലാസം സ്‌കൂളിലുമായി എട്ടാം ക്ലാസുവരെ പഠിച്ചു. സ്‌കൂളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്നു.
വീട്ടിലെ പ്രയാസം കാരണം പഠനം നിര്‍ത്തി ആണ്ടിപീടികയിലെ പലചരക്ക് കടയില്‍ ജോലിക്കാരനായി. മൈസൂരുവിലും ബംഗളൂരുവിലും കടകളില്‍ ജോലിചെയ്തു. ബംഗളൂരുവില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് സമരത്തില്‍ പങ്കെടുത്തത്.

അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം.വി രാഘവന് നേരെ ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. കെ.കെ.രാജീവന്‍, കെ.വി.റോഷന്‍, വി.മധു, സി.ബാബു, ഷിബുലാല്‍ തുടങ്ങിയ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടിരുന്നു.

 

Summary: pushpan passed away