കൂട്ടായ പരിശ്രമത്താല്‍ പദ്ധതി നിര്‍വഹണത്തില്‍ ഒന്നാമത്; ജീവനക്കാര്‍ക്ക് സ്നേഹാദരവ് നല്‍കി ചക്കിട്ടപാറ പഞ്ചായത്ത്


പേരാമ്പ്ര: 2021-22 സാമ്പത്തിക വര്‍ഷം പദ്ധതി നിര്‍വഹണത്തില്‍ ജില്ലയില്‍ ഒന്നാംസ്ഥാനവും സംസ്ഥാനത്ത് ഏഴാംസ്ഥാനവും കൈവരിക്കാന്‍ ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതിക്കൊപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് സ്നേഹാദരവുമായി പഞ്ചായത്ത്. പഞ്ചായത്ത് ജീവനക്കാര്‍, തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍, എല്‍.എസ്.ജി.ഡി എന്‍ജിനീയറിങ് ജീവനക്കാര്‍, ഘടക സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കാണ് സ്നേഹാദരവ് സംഘടിപ്പിച്ചത്.

 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് ജീവനക്കാരുടെ പങ്ക് ഏറെ വലുതാണെന്നും ചക്കിട്ടപാറ പഞ്ചായത്തിലെ ജീവനക്കാര്‍ ഈ കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും പ്രസിഡന്റ് പറഞ്ഞു.

ചക്കിട്ടപാറ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത് ഇ.എം, സി.കെ ശശി, ബിന്ദു വത്സന്‍, കെ.എ ജോസൂട്ടി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.സി സുരാജന്‍, പഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശോഭ പട്ടാണികുന്നുമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.