ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്ന സമീപനം അനുവദിക്കില്ല”; തിക്കോടിയില്‍ അടിപ്പാതയ്ക്കായി സമരപ്രഖ്യാപനവുമായി നൂറുകണക്കിനാളുകള്‍


തിക്കോടി: തിക്കോടിയില്‍ അടിപ്പാത അനുവദിക്കുംവരെ സമരരംഗത്തുണ്ടാവുമെന്ന പ്രഖ്യാപനവുമായി പ്രദേശവാസികള്‍. ഇന്ന് തിക്കോടി റെയില്‍വേ സ്‌റ്റേഷന് സമീപം ദേശീയപാതയ്ക്കരികില്‍ നടന്ന സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ പ്രദേശത്തെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്ന സമീപനം അംഗീകരിക്കാനാവില്ലെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ഷാഫി പറമ്പില്‍ എം.പിയും കാനത്തില്‍ ജമീല എം.എല്‍.എയും കണ്‍വന്‍ഷനില്‍ പങ്കുചേര്‍ന്നു. തിക്കോടിയിലെ നൂറുകണക്കിനാളുകളെ ബാധിക്കുന്ന വിഷയമാണിതെന്നും അടിപ്പാതയ്ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ സമരസമിതിയ്ക്ക് വേണ്ട സഹായം നല്‍കി ഒപ്പമുണ്ടാകുമെന്ന് ഷാഫി പറമ്പില്‍ എം.പി പറഞ്ഞു. കണ്‍വന്‍ഷനില്‍ സംസാരിച്ച കാനത്തില്‍ ജമീല സമരക്കാര്‍ക്കെതിരെ നേരത്തെയുണ്ടായ പൊലീസ് അതിക്രമത്തെ അപലപിച്ചു.

ദേശീയപാതയ്ക്ക് അരികില്‍ ഒരുക്കിയ സമരപ്പന്തലില്‍ ഇന്നുമുതല്‍ അടിപ്പാത അനുവദിക്കുന്നതുവരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഈ ആവശ്യത്തിനുവേണ്ടി എല്ലാവരും ഒറ്റക്കെട്ടായി രംഗത്തുണ്ടാവുമെന്നും സമരസമിതി അറിയിച്ചു.

തിക്കോടിയില്‍ നിലവിലെ അലൈന്‍മെന്റ് പ്രകാരം ദേശീയപാത പ്രവൃത്തി പൂര്‍ത്തിയായാല്‍ പഞ്ചായത്ത് ഓഫീസ്, ബാങ്ക്, ജില്ലാ തലത്തിലുള്ള കൃഷി ഭവന്‍, തിക്കോടി റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ എത്തിപ്പെടുകയെന്നത് റോഡിന്റെ മറുഭാഗത്തുള്ളവരെ സംബന്ധിച്ച് ബുദ്ധിമുട്ടാകും. മേഖലയിലെ പ്രധാന സ്‌കൂളുകളായ സി.കെ.ജി സ്‌കൂളുകളിലേക്കും പയ്യോളി ഹൈസ്‌കൂളിലേക്കും തീരദേശമേഖലയില്‍ നിന്നും നിരവധി കുട്ടികള്‍ പോകുന്നുണ്ട്. അടിപ്പാത ഇല്ലാതായാല്‍ ഇവരുടെ യാത്ര ബുദ്ധിമുട്ടിലാകും.

നൂറ്റാണ്ടുകളായി ഉത്സവാഘോഷത്തിന്റെ ഭാഗമായി കൊങ്ങന്നൂര്‍ ക്ഷേത്രത്തില്‍ നിന്നും പാലൂര്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പോകാറുണ്ട്. ഈ ചടങ്ങ് നടത്താന്‍ പറ്റാത്ത അവസ്ഥ വരും. കൂടാതെ പ്രദേശത്തെ പള്ളികളിലും മറുഭാഗത്തുള്ളവര്‍ക്ക് പോകാനാവാത്ത സ്ഥിതിവരും. നിലവില്‍ രണ്ടര കിലോമീറ്റര്‍ അകലെ നന്തിയിലും മറുഭാഗത്ത് ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെ പഞ്ചായത്ത് സ്റ്റോപ്പിലുമാണ് അടിപ്പാതയുള്ളത്. ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും എന്‍.എച്ച്. അധികൃതര്‍ക്കും പലതവണ നിവേദനം സമര്‍പ്പിക്കുകയും നേരില്‍ കാണാവുന്നവരെ കണ്ട് ആശങ്ക അറിയിക്കുകയും ചെയ്തെങ്കിലും അനുകൂലമായ നടപടിയില്ലാത്തതിനാലാണ് ജനങ്ങള്‍ സമരവുമായി രംഗത്തെത്തിയത്.

സെപ്റ്റംബര്‍ 10ന് തിക്കോടിയില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സമരം ചെയ്തവര്‍ക്കുനേരെയുള്ള പൊലീസ് മര്‍ദ്ദനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ സമരപ്പന്തല്‍ പൊലീസ് ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും യോഗം ചേര്‍ന്ന് സമരം കൂടുതല്‍ ശക്തമാക്കാന്‍ പ്രദേശവാസികള്‍ തീരുമാനിച്ചത്.

ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി.കെ.അബ്ദുള്‍ മജീദ് തുടര്‍സമരപ്രഖ്യാപനം നടത്തി. തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ.മുഹമ്മദ്, കെ.പി.സി.സി സെക്രട്ടറി അഡ്വ.ഐ.മൂസ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.കെ.സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.