ഐ.എ.എസ് കോച്ചിങ് സെന്റര്‍, പി.എസ്.സി പരിശീലനം, ട്യൂഷന്‍ സെന്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍; ഫെയ്‌സ് കോടിക്കല്‍ കമ്മ്യൂണിറ്റി ഡലവപ്പ്‌മെന്റര്‍ സെന്റര്‍ ഉദ്ഘാടനത്തിനൊരുങ്ങി


കൊയിലാണ്ടി: തിക്കോടി കോടിക്കല്‍ പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക മുന്നേറ്റത്തിന് വഴിവെക്കുന്ന ഫെയ്‌സ് കോടിക്കലിന്റെ കമ്മ്യൂണിറ്റി ഡെവലപ്പ് സെന്റര്‍ പ്രവര്‍ത്തനത്തിനൊരുങ്ങി. കോടിക്കലില്‍ സാമൂഹ്യസാംസ്‌കാരിക കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ പതിനൊന്ന് വര്‍ഷക്കാലമായി നേതൃത്വം നല്‍കുന്ന ഫെയ്‌സ് കോടിക്കലിന്റെ വാര്‍ഷികാഘോഷത്തിനൊപ്പം കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് സെന്റര്‍ ഉല്‍ഘാടനവും നടക്കും. സെപ്റ്റംബര്‍ 26 മുതല്‍ 29 വരെ വിവിധ പരിപാടികളോടെയാണ് വാര്‍ഷികം ആഘോഷിക്കുന്നത്.

പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം എം.എല്‍.എ നടപ്പിലാക്കിയ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വ്വീസ് അക്കാദമിയും ഫെയ്‌സ് കോടിക്കലും ചേര്‍ന്ന് നടപ്പിലാക്കുന്ന ഐ.എ.എസ് കോച്ചിങ്ങ് സെന്റര്‍ ഫെയ്‌സ് കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സെന്ററില്‍ ആരംഭിക്കും. ഇതിന്റെ പ്രഖ്യാപനവും ലോഞ്ചിംഗും 29 ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ നടക്കും.

26 ന് വൈകീട്ട് 4 മണിക്ക് പ്രചരണ ബൈക്ക് റാലിയോടെ പരിപാടികള്‍ ആരംഭിക്കും. 27 ന് വൈകീട്ട് നടക്കുന്ന തലമുറ സംഗമം പ്രദേശത്തെ മുഴുവന്‍ പ്രായമുള്ള പുരുഷന്‍മാരും സ്ത്രീകളും പങ്കുചേരുന്ന അപൂര്‍വ്വ സംഗമമായി മാറും. വൈകീട്ട് 7മണിക്ക് പ്രവാസി സംഗമവും നടക്കും.

28 ന് വൈകുന്നേരം തൊഴിലാളി സംഗമം, രാത്രി 7 ന് ഫാമിലി മീറ്റ്, 29 ന് രാവിലെ അച്ചിവേഴ്‌സ് മീറ്റ്, വൈകീട്ട് 5 മണിക്ക് പൊതുസമ്മേളനം എന്നിവയ്ക്കുശേഷം ബില്‍ഡിംഗ് ഉല്‍ഘാടനം നടക്കും. ഷാഫി പറമ്പില്‍ എം.പി, കാനത്തില്‍ ജമീല എം.എല്‍.എ, സാഹിത്യകാരന്‍ റഫീഖ് അഹമ്മദ്, പ്രമുഖ മോട്ടിവേറ്ററും ആര്‍ട്ടിസ്റ്റുമായ നൂര്‍ ജലീല തുടങ്ങി സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും. തീരദേശ മേഖലയിലെ സാമൂഹ്യ വിദ്യാഭ്യാസ വളര്‍ച്ചക്കും മുന്നേറ്റത്തിനും ഉതകുന്ന രീതിയില്‍ ആധുനിക സംവിധാനത്തോടെ ലൈബ്രറി റീഡിംഗ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, ജനസേവന കേന്ദ്രം, ട്യൂഷന്‍ സെന്റര്‍, പി.എസ്.സി.പരിശീലനം, കമ്പ്യൂട്ടര്‍ പരിശീലനം തുടങ്ങിയ എല്ലാവിധ സജ്ജീകരണങ്ങളും ഫെയ്‌സ് കമ്മ്യൂണിറ്റി സവലപ്‌മെന്റ് സെന്ററില്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ഫെയ്‌സ് ഭാരവാഹികളായ സിസി ശൗഖത്ത്, കുണ്ടുകുളം ശൗഖത്ത്, പി.ടി.സലിം, പി.കെ.മുഹമ്മദലി എന്നിവര്‍ കൊയിലാണ്ടി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Summary: Face Kotikal Community Development Center is ready to be inaugurated