സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ഒളിവിൽപോയി; പ്രതിയായ യുട്യൂബറെ ബസ് തടഞ്ഞു നിര്‍ത്തി പിടികൂടി പോലീസ്‌


കോഴിക്കോട്: സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് മുങ്ങിയ യുട്യൂബര്‍ പിടിയില്‍. കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂല്‍ (49) ചേവായൂര്‍ പോലീസിന്റെ പിടിയിലായത്. സംഭവത്തിന് ശേഷം മുങ്ങിയ പ്രതിയെ മലപ്പുറം അതിര്‍ത്തിയില്‍ ബസ് തടഞ്ഞു നിര്‍ത്തിയാണ് ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ സജീവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

യുവതിയെ മൂന്ന് മാസം മുമ്പ് പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ശേഷം മുങ്ങിയ പ്രതിക്കായി പോലീസ് വിവിധ ജില്ലകളില്‍ അന്വേഷണം നടത്തി വരികയായിരുന്നു. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.

ഇക്കാലയളവില്‍ പതിമൂന്നിലേറെ മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറ്റി മാറ്റി ഉപയോഗിച്ചിരുന്നു. ടവര്‍ ലൊക്കോഷന്‍ പരിശോധിച്ച പോലീസ് ഇയാള്‍ ഇന്നലെ ഫറോക്കില്‍ എത്തിയ വിവരം അറിഞ്ഞു. എന്നാല്‍ സ്ഥലത്ത് പോലീസ് എത്തിയെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. പാളയം, റെയില്‍വേ സ്റ്റഷന്‍ എന്നിവിടങ്ങളില്‍ പോലീസ് എത്തിയ വിവരം അറിഞ്ഞ പ്രതി കെഎസ്ആര്‍ടിസി ബസില്‍ കയറി രാത്രി എറണാകുളത്തേക്ക് പോവുകയായിരുന്നു. എന്നാല്‍ പ്രതിയ വിടാതെ പിന്തുടര്‍ന്ന പോലീസ് മലപ്പുറം അതിര്‍ത്തിയില്‍ വച്ച് പിടികൂടുകയായിരുന്നു. പുലര്‍ച്ചെയോടെ ചേവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

Summary: youtuber arrested for raping young women he met through social media.