കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി എന്‍ഡിപിഎസ് കേസുകള്‍; യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു


കൊടുവള്ളി: കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി എന്‍ഡിപിഎസ് കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. എളേറ്റില്‍ വട്ടോളി കരിമ്പാപൊയില്‍ ഫായിസ് മുഹമ്മദിനെയാണ് സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. കോഴിക്കോട് റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ കാപ്പ ഉത്തരവ് പ്രകാരമാണ് നടപടി.

ഇയാള്‍ കോഴിക്കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ മാരക ലഹരി മരുന്നുകള്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പ്പന നടത്തുകയും, ലഹരി ഉപയോഗിച്ച് കൊടുവള്ളി സ്റ്റേഷന്‍ പരിധിയിലും മറ്റിടങ്ങളിലും വിവിധ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും, പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിത്തീരുകയും ചെയ്തതിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനാണ് കാപ്പ ചുമത്തി തടവിലാക്കിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

കോടതി ഇയാളെ മുന്‍പ് ഒരു വര്‍ഷത്തേക്ക് നല്ലനടപ്പിനും, കണ്ണൂര്‍ റേഞ്ച് ഡിഗ്രി കാപ്പ -15 പ്രകാരം ഒരു വര്‍ഷത്തേക്ക് കോഴിക്കോട് റവന്യു ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കുകയും ചെയ്തിരുന്നു. അത് ലംഘിച്ച് വീണ്ടും എന്‍ഡിപിഎസ് കേസുകളില്‍ ഉള്‍പ്പെടുകയായിരുന്നു. കൊടുവള്ളി സ്റ്റേഷന്‍ പരിധിയിലെ അറിയപ്പെടുന്ന ഗുണ്ടയായി പ്രഖ്യാപിച്ച ആളുമാണ് ഫായിസ് മുഹമ്മദെന്നും പൊലീസ് അറിയിച്ചു.

Summary : Several NDPS cases in different stations of Kozhikode district; The youth was charged with Kappa and sent to jail.