മുക്കത്ത് അമിതവേഗതിയിലെത്തിയ കാര്‍ ഇടിച്ച് ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് പരിക്കേറ്റ സംഭവം; കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം, മനപൂര്‍വ്വമായ നരഹത്യയ്ക്ക് കേസ്


മുക്കം: അതിവേഗമെത്തിയ കാര്‍ ബൈക്കിലിടിച്ച് ദമ്പതിമാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കാര്‍യാത്രികനും സഹയാത്രികനുമാണ് അറസ്റ്റിലായത്. ഇവര്‍ മദ്യപിച്ചതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയ രക്തപരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.

പിടിയിലായ തിരുവമ്പാടി സ്വദേശികളായ പി.എ. നിഷാം, തേറുപറമ്പില്‍ വിപിന്‍ എന്നിവര്‍ക്കെതിരെ മനപൂര്‍വ്വമായ നരഹത്യയ്ക്കും മദ്യപിച്ച് വാഹനമോടിച്ചതിനും കേസെടുത്തു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മുക്കം പഴയ ബസ്സ്റ്റാന്‍ഡിന് സമീപത്തായിരുന്നു കേസിനാസ്പദമായ സംഭവം.

അഭിലാഷ് ജങ്ഷന്‍ ഭാഗത്തുനിന്ന് മാര്‍ക്കറ്റ് റോഡിലേക്ക് പോവുകയായിരുന്ന കാര്‍ എതിര്‍ദിശയില്‍ എത്തിയ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബൈക്കിനെ ഇരുപത് മീറ്ററോളം തള്ളിനീക്കിയശേഷമാണ് കാര്‍ നിന്നത്. അപകടത്തിനുശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ഡ്രൈവറെയും സഹയാത്രികനെയും ഓട്ടോത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നാലുപേരായിരുന്നു കാറിലുണ്ടായിരുന്നത്. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു.

അപകടത്തില്‍ കാരമൂല കല്‍പ്പൂര്‍ നെല്ലിക്കുത്ത് വീട്ടില്‍ സല്‍മാന്‍ (25), ഭാര്യ അനീന (21) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ കാറിലെ യാത്രക്കാര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചിരുന്നു. കാറിന്റെ ഡിക്കിയില്‍നിന്ന് എയര്‍ഗണും ബിയര്‍കുപ്പിയും പോലീസ് കണ്ടെത്തിയിരുന്നു.

കാറില്‍ എയര്‍ഗണ്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്, പ്രതികളുടെ വീട്ടില്‍ മുക്കം പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സംഭവത്തില്‍ മുക്കം പൊലീസ് നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.

Summary: Bikers were injured after being hit by a speeding car; Confirmation that the occupants of the car were drunk, a case of intentional homicide