കേരള ഫുട്‌ബോള്‍ സബ്ജൂനിയര്‍ ടീം ക്യാപ്റ്റനായി ‘കൊയിലാണ്ടിയുടെ ഓസില്‍’


കൊയിലാണ്ടി: കേരള ഫുട്‌ബോള്‍ സബ് ജൂനിയര്‍ ടീം ക്യാപ്റ്റന്‍ ആയി കൊയിലാണ്ടി വിരുന്നുകണ്ടി സ്വദേശി ഇന്ദ്രജ് വിനേഷ്. പാലക്കാട് ജില്ലാ ഫുട്‌ബോള്‍ ടീമില്‍ നിന്നാണ് ഇന്ദ്രജ് സംസ്ഥാന ടീമിലേക്ക് സെലക്ഷന്‍ നേടിയത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി പട്ടാമ്പി കൊപ്പത്തെ എ.ഐ.എഫ് ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്നും ഫുട്‌ബോള്‍ പരിശീലിക്കുന്നുണ്ട്. രണ്ടുവര്‍ഷമായി പാലക്കാട് ജില്ലാ ടീം ക്യാപ്റ്റനായിരുന്നു.

അടുത്തിടെ ഒഡീഷയില്‍ നടന്ന 2034 ഇന്ത്യന്‍ ടീമിലേക്കുള്ള ഫിഫയുടെ ട്രയല്‍സിലും ഇന്ദ്രജ് പങ്കെടുത്തിരുന്നു. ഇതിന്റെ ഫലം കാത്തിരിക്കുകയാണ്. ഒഡീഷയിലെ ട്രയല്‍സില്‍ പങ്കെടുക്കേണ്ടതിനാല്‍ ജില്ലാ ടീമിന്റെ അവസാന കളി കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. സുഹൃത്തും സഹപാഠിയുമൊക്കെയായ കൊല്ലം ഷാഫിയുടെയും പാലക്കാട് ഫുട്‌ബോള്‍ അസോസിയേഷന്റെയും ഷാഫി പറമ്പില്‍ എം.പിയുടെയുമൊക്കെ പിന്തുണയോടെ കെ.എഫ്.ഐയ്ക്ക് അപേക്ഷ നല്‍കുകയും തുടര്‍ന്നാണ് സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ സാധിച്ചതെന്നും വിനേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഐഫയിലെ പരിശീലകരുടെ പിന്തുണയും ചിട്ടയായ പരിശീലനവുമാണ് മകന്റെ ഈ നേട്ടത്തിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഷൌക്കത്ത് ഐവ, സജിത്ത്, സലാവുദ്ദീന്‍, ശ്രീജിത്ത്,  ഷംനാസ് തുടങ്ങിയവര്‍ നല്ല പിന്തുണ നല്‍കി.

ഓസില്‍ എന്ന് വിളിക്കുന്ന ഇന്ദ്രജ് കുട്ടിക്കാലം മുതലേ ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീമിന്റെ ആരാധകനായിരുന്നു. അച്ഛന്‍ വിനേഷ് ആര്‍മിയില്‍ ഫുട്‌ബോള്‍ ടീമിലുണ്ടായിരുന്നു. അച്ഛനൊപ്പം കൊയിലാണ്ടി ബീച്ചില്‍ കളിച്ചുവളര്‍ന്ന ഓസിലിന് ഫുട്‌ബോള്‍ എന്ന കളിയോട് വലിയ ഇഷ്ടമായിരുന്നു. മകന്റെ ആഗ്രഹത്തിന് തുണയായി അച്ഛനും ഒപ്പം നിന്നതോടെ ചെറുപ്രായത്തില്‍ തന്നെ പരിശീലനം തുടങ്ങി. ആദ്യം കണ്ണൂരില്‍ സ്‌കോര്‍ലൈനിലായിരുന്നു പ്രാക്ടീസ്. പിന്നീട് പാലക്കാടേക്ക് മാറുകയായിരുന്നു.

പട്ടാമ്പിയിലെ മറിയുമ്മ പബ്ലിക് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ആര്‍മിയില്‍ ഹവില്‍ദാറായി റിട്ടയര്‍ ചെയ്ത് നിലവില്‍ ഡിഫന്‍സ് സെക്യൂരിറ്റി കോറില്‍ ജോലി ചെയ്യുന്ന വിരുന്നുകണ്ടി കോച്ചപ്പന്റെ പുരയില്‍ വിനേഷിന്റെയും കൊല്ലം അരയന്‍കാവ് സ്വദേശിനി എ.പി.വിദ്യയുടെയും മകനാണ് ഇന്ദ്രജ്. ഇഷാന്‍വി.വിനേഷ് സഹോദരിയാണ്.