കണ്ണൂർ ചക്കരക്കല്ലിൽ വീട്ടുമുറ്റത്ത് ഫ്രിഡ്ജ് ഉൾപ്പടെയുള്ള ര​ഹസ്യ അറ; പരിശോധിച്ചപ്പോൾ 138 കുപ്പി വിദേശമദ്യവും 51 കുപ്പി ബിയറും, അന്വേഷണം ആരംഭിച്ച് എക്സൈസ്


കണ്ണൂർ: വീട്ടുമുറ്റത്ത് ര​ഹസ്യ അറ നിർമ്മിച്ച് സമാന്തര ബാർ നടത്തിയ ആൾക്ക് ബെവ്കോ ജീവനക്കാരുടെ സഹായം ലഭിച്ചിരുന്നോ എന്ന അന്വേഷണത്തിൽ എക്സൈസ്. കഴിഞ്ഞ ദിവസമാണ് കണ്ണൂർ ചക്കരക്കല്ലിലെ കണ്ണോത്ത് വിനോദിന്റെ വീട്ടുമുറ്റത്തെ രഹസ്യ അറയിൽ നിന്നും 138 കുപ്പി വിദേശമദ്യവും 51 കുപ്പി ബിയറും പിടിച്ചെടുത്തത്. സമാന്തര ബാർ നടത്തുന്ന വിനോദിനെ കുറിച്ച് നാട്ടുകാർ നിരന്തരം പരാതിപ്പെട്ടിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം പലതവണ വിനോദിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നെങ്കിലും മദ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

വീട്ടുമുറ്റത്തെ ഇന്റർ ലോക്ക് ഇളകിയത് ശ്രദ്ധയിൽപ്പെട്ടത് നോക്കിയപ്പോഴാണ് കഴിഞ്ഞ വ്യാഴാഴ്ച രഹസ്യ അറ കണ്ടെത്തിയത്. ആവശ്യക്കാർക്ക് തണുപ്പിച്ച ബിയർ കൊടുക്കാൻ ഫ്രിഡ്ജുൾപ്പെടെ സജ്ജീകരിച്ചായിരുന്നു. വീട്ടുമുറ്റത്തെ രഹസ്യ അറയിൽ സമാന്തര ബാർ പ്രവർത്തിച്ചിരുന്നത്. അറിയാതിരിക്കാൻ ഇരുമ്പിന്റെ പ്രത്യേക തരം സ്ലാബ്. താഴേക്കിറങ്ങാൻ കോണിയുൾപ്പെടെ സജ്ജീകരിച്ചായിരുന്നു വിനോദിന്റെ മദ്യവിൽപ്പന.

പിടിച്ചെടുത്ത ഭൂരിഭാഗം മദ്യവും ചക്കരക്കൽ ബെവ്കോ ഔട്ട് ലെറ്റിൽ നിന്ന് വാങ്ങിയതാണ്. എങ്ങനെ ഇത് സംഘടിപ്പിച്ചു എന്നതിലാണ് എക്സൈസ് അന്വേഷണം. ജീവനക്കാരുടെ സഹായം കിട്ടിയോ എന്ന് ബെവ്കോയും പരിശോധിക്കുന്നുണ്ട്. മൂന്ന് ലിറ്ററിന് 100 രൂപ വച്ച് കമ്മീഷൻ നൽകി പല ആളുകളെക്കൊണ്ട് വാങ്ങിപ്പിച്ചു എന്നാണ് വിനോദിന്റെ മൊഴി.

Summary: 138 bottles of foreign liquor and 51 bottles of beer were found on inspection in kannur, Excise started investigation.