” തിക്കോടിയില്‍ ഇത്തവണ കറുത്ത ഓണം, തിരുവോണദിവസം ഞങ്ങള്‍ പട്ടിണികിടന്ന് പ്രതിഷേധിക്കും” അടിപ്പാതയ്ക്കുവേണ്ടിയുള്ള സമരം വീണ്ടും ശക്തമാക്കാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനം


തിക്കോടി: തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി സമരം ശക്തമാക്കാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനം. സമരം ശക്തിപ്പെടുത്തുന്നതിന് മുന്നോടിയായി തിരുവോണ ദിവസം തിക്കോടിയില്‍ കറുത്ത ഓണം എന്ന പേരില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. പ്രദേശവാസികളും നാട്ടുകാരും പട്ടിണി കിടന്ന് പ്രതിഷേധിക്കാനാണ് തീരുമാനിച്ചതെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

 

അടിപ്പാത ആവശ്യമുയര്‍ത്തി സമരം ചെയ്തവര്‍ക്കെതിരെ സെപ്റ്റംബര്‍ 10ന് പൊലീസ് മര്‍ദ്ദനമുണ്ടായിരുന്നു. തുടര്‍ന്ന് തിക്കോടിയിലെ സമരപ്പന്തല്‍ പൊലീസ് നേതൃത്വത്തില്‍ പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍വ്വകക്ഷിയോഗം ചേരുകയും വീണ്ടുംസമരപ്പന്തല്‍ നിര്‍മ്മിച്ച് സമരം തുടരാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതിന്റെ ഭാഗമായാണ് തിരുവോണ ദിവസം സമരം തുടങ്ങുന്നത്.

തിക്കോടിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സമരപ്പന്തല്‍ നിര്‍മ്മിച്ച് സമരം പുനരാംരംഭിക്കാനും ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. സമരപ്പന്തല്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 23ന് സമരപ്പന്തലിന്റെ ഉദ്ഘാടനം നടക്കും. എം.എല്‍.എ, എം.പി തുടങ്ങിയ ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ-സംസ്ഥാന നേതാക്കളെയും സാമൂഹ്യ സാംസ്‌കാരിക സന്നദ്ധ സംഘടനകളെയും ബഹുജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് വമ്പിച്ച ജനകീയ കണ്‍വെന്‍ഷനോടെ ഉദ്ഘാടന പരിപാടി നടത്താനാണ് തീരുമാനം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വ്യത്യസ്തമായ സമരപരിപാടികളുമായി മുന്നോട്ടുപോവുമെന്നും ആക്ഷന്‍ കമ്മറ്റി അറിയിച്ചു.

ദേശീയപാത വരുന്നതോടുകൂടി തിക്കോടി ടൗണ്‍ രണ്ടായി മുറിഞ്ഞുപോകുന്ന സ്ഥിതിയുണ്ടെന്നും റെയില്‍വേ സ്‌റ്റേഷനിലടക്കം ആളുകള്‍ക്ക് പോകാന്‍ പ്രയാസമാകുമെന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടൗണില്‍ അടിപ്പാതവേണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നത്. ഇതൊരിക്കലും ദേശീയപാത വികസനത്തിന് എതിരായ സമരമല്ലെന്നും ദേശീയപാത വികസനം കാരണം ഈ പ്രദേശവാസികള്‍ക്കും വരുംതലമുറയ്ക്കും ഇനിയങ്ങോട്ട് പ്രയാസമുണ്ടാവാതിരിക്കാനാണ് ഈ സമരമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

 

Summary: Thikkodi adippatha strike will continue from september 15