”18 തോടുകള്‍, നാല് പൊതുകുളങ്ങള്‍, 48 സ്വകാര്യ കുളങ്ങള്‍, 27 പൊതുകിണറുകള്‍”; മേപ്പയ്യൂരിലെ ജലബജറ്റ് തയ്യാർ, ലക്ഷ്യം ജലലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കല്‍


മേപ്പയ്യൂര്‍: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെയും ഹരിത കേരളം മിഷന്റെയും, സി.ഡബ്‌ള്യൂആര്‍.ഡി.എമ്മിന്റെയും നിര്‍വഹണ സഹായത്തോടെ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ജലബജറ്റ് തയ്യാറാക്കി. ജലബജറ്റ് പ്രകാരം മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ 18 തോടുകള്‍, നാല് പൊതുകുളങ്ങള്‍, 48 സ്വകാര്യ കുളങ്ങള്‍, 27 പൊതുകിണറുകള്‍ എന്നിവയും വിസ്തൃതമായ പാടശേഖരങ്ങളും ഉണ്ട്. ഈ ജല സ്രോതസ്സുകളിലും അവയുടെ വൃഷ്ടി പ്രദേശങ്ങളിലും ശാസ്ത്രീയമായ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച്, മഴക്കാലത്തിനുശേഷം ലഭിക്കുന്ന മഴയിലൂടെയും വേനല്‍ മഴയിലൂടെയും ലഭ്യമാകുന്ന ജലം പരമാവധി സംഭരിച്ച് വിനിയോഗിക്കുന്നതിനുള്ള ഇടപെടലുകള്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടത്തുകയാണ് ബജറ്റ് വഴി ലക്ഷ്യമിടുന്നത്.

ജലസ്രോതസ്സുകളുടെ സംരക്ഷണവും ജലത്തിന്റെ ഫലപ്രദമായ ഉപഭോഗത്തിന്റെ അനിവാര്യതയും ഉറപ്പു വരുത്തുന്നതിനാവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തിന്റെ ഈയൊരു ജലബജറ്റ് അവലംബമാവുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ പറഞ്ഞു. പഞ്ചായത്തുതല ജല ബജറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രകാശനം ചെയ്തു. കെ.ടി.രാജന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.ടി.പ്രസാദ് മുഖ്യാതിഥിയായി.

ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജല ബജറ്റ്.
കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളേയും അടിസ്ഥാനമാക്കി ജല ബജറ്റ് തയ്യാറാക്കാനുള്ള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഇത് ആദ്യമായാണ് ഒരു സംസ്ഥാനം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജലബജറ്റ് തയ്യാറാക്കുന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്താണ് ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈയൊരു പ്രവര്‍ത്തനത്തിന് സംസ്ഥാനത്ത് ആദ്യമായി പ്രോജക്ട് തയ്യാറാക്കിയത്.

വൈസ് പ്രസിഡന്റ് എന്‍.പി.ശോഭ, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.സുനില്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, വി പി രമ, മെമ്പര്‍ ശ്രീനിലയം വിജയന്‍, ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, അസിസ്റ്റന്റ് സെക്രട്ടറി കെ.ആര്‍ ശ്രീലേഖ, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ നിരഞ്ജന തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.പി.അനില്‍കുമാര്‍ സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് പ്രവീണ്‍.വി.വി നന്ദിയും പറഞ്ഞു.

Summary: Water budget in Mepayyur is ready, the objective is to ensure conservation of water resources based on water availability and utilization.